തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ പരസ്യപ്പെടുത്തുന്നതു സംബന്ധിച്ച സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചത് മന:പൂർവ്വമല്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ സി.പി.എം നേതൃത്വം അറിയിച്ചു.

സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശ പ്രകാരം ക്രിമിനൽ കേസുകൾ പരസ്യപ്പെടുത്തിയെങ്കിലും ഇക്കാര്യങ്ങൾ സി.പി.എമ്മും ബി.ജെ.പിയും യഥാസമയം കമ്മിഷനെ അറിയിച്ചിരുന്നില്ല. വിശദാംശങ്ങൾ ഉടൻ നൽകാമെന്ന് സി.പി.എം കേന്ദ്രങ്ങൾ അറിയിച്ചതായി ടിക്കാറാം മീണ പറഞ്ഞു.

ഇന്നലെ ഓഫീസിൽ ഇല്ലാതിരുന്ന അദ്ദേഹം ഇന്ന് എത്തിയ ശേഷം ഇക്കാര്യം പരിശോധിക്കും. ബി.ജെ.പിയുടെ ഭാഗത്തും വീഴ്ചയുണ്ടായെങ്കിലും അവർ ഇതുവരെ കമ്മിഷനെ സമീപിച്ചിട്ടില്ല. ഇരു പാർട്ടികളും വീഴ്ച വരുത്തിയെന്നു കാട്ടി ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് റിപ്പോർട്ട് നൽകിയിരുന്നു.

സ്ഥാനാർത്ഥികൾ അവരുടെ പേരിലെ ക്രിമിനൽ കേസുകൾ പത്രങ്ങളിലും ടി.വി ചാനലുകളിലും മൂന്നുവട്ടം പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. പാർട്ടികളും മൂന്നുവട്ടം വിവരങ്ങൾ പ്രസിദ്ധീകരിക്കണം. പിന്നീട് ഈ വിവരങ്ങൾ ജില്ലാ കളക്ടർമാരെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെയും അറിയിക്കണം. ഫലം പ്രഖ്യാപിച്ച മേയ് 24 നു ശേഷം ഒരു മാസം ഇതിന് സമയം നൽകിയിരുന്നു.

ടിക്കാറാം മീണയുടെ റിപ്പോർട്ടിനെ തുടർന്ന് തുടർനടപടിക്കായി സുപ്രീം കോടതിയുടെ നിർദ്ദേശം കാക്കുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. നടപടിയുടെ ഭാഗമായി പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ ചിഹ്നം മരവിപ്പിക്കുകയോ ചെയ്യാം.

സംസ്ഥാനത്ത് മത്സരിച്ച 227 പേരിൽ 14 സ്ഥാനാർത്ഥികളാണ് ക്രിമിനൽകേസ് വിവരങ്ങൾ പരസ്യപ്പെടുത്താത്തത്. ഇവരിൽ ഭൂരിഭാഗവും സ്വതന്ത്രരാണ്. എന്നാൽ മൂന്നു മുന്നണികളുടെയും ഭാഗമായി മത്സരിച്ചവരാരും നിർദ്ദേശം ലംഘിച്ചിട്ടില്ല. 64 സ്ഥാനാർത്ഥികളാണ് ക്രിമിനൽകേസിൽ പ്രതികളായിരുന്നത്. 50 പേർ വിവരങ്ങൾ പരസ്യപ്പെടുത്തി. പരസ്യം നൽകാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും ടിക്കാറാം മീണ അറിയിച്ചു.