സൗത്ത് ഏഷ്യൻ ഗെയിംസിൽ മെഡൽ റെക്കാഡിട്ട് ഇന്ത്യ
കാഠ്മണ്ഡു : ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ വേട്ടയ്ക്ക് സാക്ഷ്യം വഹിച്ച് 13-ാമത് ദക്ഷിണേഷ്യൻ ഗെയിംസിന് നേപ്പാളിൽ കൊടിയിറങ്ങി.
174 സ്വർണവും 93 വെള്ളിയും 45 വെങ്കലവും ഉൾപ്പെടെ 312 മെഡലുകളാണ് ഇന്ത്യ ഇക്കുറി ദക്ഷിണേഷ്യൻ ഗെയിംസിൽ നിന്ന് സ്വന്തമാക്കിയത്.
2016ൽ ഗോഹട്ടിയിൽ നടന്ന ഗെയിംസിൽ നേടിയിരുന്ന 309 മെഡലുകളുടെ റെക്കാഡാണ് ഇന്ത്യ നേപ്പാളിൽ മറികടന്നത്.
പങ്കെടുത്ത എല്ലാ കായിക ഇനങ്ങളിലും ആധിപത്യം പുർത്താൻ ഗെയിംസിൽ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയെയും ആതിഥേയരായ നേപ്പാളിനെയും കൂടാതെ ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ളാദേശ്, മാൽദീവ്സ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് ഗെയിംസിൽ പങ്കാളിയായത്. ഇതിൽ ഭൂട്ടാൻ ഒഴികെയുള്ളവർ ഒരു സ്വർണമെങ്കിലും സ്വന്തമാക്കി.
ഡിസംബർ ഒന്നിനാണ് കാഠ്മണ്ഡുവിലും പൊഖാറയിലുമായി ഗെയിംസ് തുടങ്ങിയത്. ഇന്നലെ കാഠ്മണ്ഡുവിൽ വർണാഭമായ സമാപനചടങ്ങുകൾ നടന്നു.
51 സ്വർണമുൾപ്പെടെ 206 മെഡലുകൾ നേടിയ നേപ്പാളിനാണ് രണ്ടാം സ്ഥാനം.
മെഡൽ പട്ടിക
(രാജ്യം, സ്വർണം, വെള്ളി, വെങ്കലം, ആകെ എന്ന ക്രമത്തിൽ)
ഇന്ത്യ 174 - 93-45-312
നേപ്പാൾ 51 -60 - 95 - 206
ശ്രീലങ്ക 40 - 83 - 128 - 251
പാകിസ്ഥാൻ 31 - 41 - 59 - 131
ബംഗ്ളാദേശ് 19 - 32 - 87 - 138
മാൽദീവ്സ് 1 - 0 - 4 - 5
ഭൂട്ടാൻ 0 - 7 - 13 - 20
2022 ലാണ് അടുത്ത ഗെയിംസ് നടക്കുക. വേദി നിശ്ചയിച്ചിട്ടില്ല.