തിരുവനന്തപുരം: ഭർത്താവും കാമുകിയും ചേർന്ന് ഭാര്യയെ കൊലപ്പെടുത്തി തമിഴ്നാട്ടിൽ റോഡരികിൽ ഉപേക്ഷിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് തലസ്ഥാനം കേട്ടത്. പേയാട് ചെറുപാറ ഗ്രാൻടെക് ഇക്കോഫ്രണ്ട്‌ലി ടൗൺഷിപ്പിലെ 26-ാം നമ്പർ വില്ലയിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രതികളിലൊരാൾ വെള്ളറട സ്വദേശി സുനിത ബേബി. അവിശ്വസനീയമായ ഒരു കെട്ടുകഥ പോലെയാണ് പേയാട്ടെയും വെള്ളറടയിലെയും ജനങ്ങൾ കൊലപാതക വാർത്ത കേട്ടത്. ഇപ്പോൾ ചെന്നൈയിൽ പി.ജിക്കു പഠിക്കുന്ന തിരുവനന്തപുരത്തെ പ്രശസ്‌ത ആശുപത്രിയിൽ പ്രാക്ടീസ് ചെയ്‌തിരുന്ന ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് 26-ാം നമ്പർ വില്ല.
മേയ് ആദ്യവാരത്തിലാണ് പ്രേംകുമാറും സുനിതയും ഈ വില്ല വാടകയ്ക്കെടുത്തത്. ചെങ്കൽച്ചൂള ഫയർസ്റ്റേഷനടുത്തെ ഹോട്ടലിൽ സ്റ്റോക് മാനേജരായിരുന്നു പ്രേംകുമാർ. ഇരുവരും ഒരുമിച്ചായിരുന്നു യാത്രകൾ. ഭാര്യാ ഭർത്താക്കന്മാരാണെന്നാണ് മറ്റ് വില്ലകളിലുള്ളവർ കരുതിയത്. സെപ്‌തംബർ അവസാനത്തോടെ വാടകവീട് ഒഴിഞ്ഞ് ഒക്ടോബർ ഒന്നാം തീയതി താക്കോൽ തിരികെ നൽകിയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനിടെയാണ് ആയുർവേദ ചികിത്സയ്‌ക്കെന്ന വ്യാജേന വിദ്യയെ ഈ വില്ലയിലെത്തിച്ച് കൊലപ്പെടുത്തിയതും മൃതദേഹം കാറിലാക്കി തമിഴ്നാട്ടിലേക്ക് കടത്തിയതും. പേയാട് ടൗണിൽ നിന്ന് മൂന്നു കിലോമീറ്റർ ഉള്ളിലാണ് ഗ്രാൻടെക് ടൗൺഷിപ്പ്. അടുത്തടുത്തായി 45 വില്ലകളാണ് ഇവിടെയുള്ളത്. മിക്കതിലും താമസക്കാരില്ല. ഇരുപതിലേറെ വീടുകൾ പൂട്ടിയിട്ടിരിക്കുന്നു. തലസ്ഥാനത്തെ സമ്പന്നരും ഡോക്ടർമാരുമാണ് മിക്ക വില്ലകളുടെയും ഉടമസ്ഥർ. വില്ലകൾ പലതും വാടകയ്ക്ക് നൽകിയിരിക്കുകയാണ്. തൊട്ടടുത്തെ വില്ലയിലെ താമസക്കാരെപ്പോലും ആർക്കുമറിയില്ല. കൂറ്റൻ ഗേറ്റുകടന്ന് ഗ്രാൻടെക് ടൗൺഷിപ്പിലേക്ക് ഞങ്ങളെത്തിയപ്പോൾ താമസക്കാരെല്ലാം പരിഭ്രാന്തരായി പുറത്തിറങ്ങി നിൽക്കുന്നു.
ആ രാത്രിയിൽ എന്താണ് ഉണ്ടായത്
തങ്ങളുടെ തൊട്ടടുത്തുള്ള 26-ാം നമ്പർ വില്ലയിൽ ആരോരുമറിയാതെ അതിക്രൂരമായ കൊലപാതകം നടന്നത് വിശ്വസിക്കാനാവാതെ അയൽക്കാരായ സുനിലും ഗീതയും. ''രാത്രിയിലും പുലർച്ചെയുമൊക്കെ ബൈക്കും കാറും സ്റ്റാർട്ടാക്കി പോവുന്ന ശബ്ദം കേൾക്കും. പുലർച്ചെയായിരിക്കും തിരിച്ചുവരിക. ചിലപ്പോൾ രാത്രിയിൽ ഉച്ചത്തിൽ പാട്ടുകേൾക്കും. ഭാര്യാ ഭർത്താക്കന്മാരെപ്പോലെയാണ് സുനിതയും പ്രേംകുമാറും ഇവിടെ താമസിച്ചത്. വിവരമറിഞ്ഞ് എല്ലാവരും ഞെട്ടിപ്പോയി.''- ആട്ടോഡ്രൈവറായ സുനിൽ പറഞ്ഞു. ഇരുവരും ഒരുമിച്ചാണ് ബൈക്കിലും കാറിലും പോവാറുള്ളത്. അസ്വാഭാവികത തോന്നിയിട്ടില്ല. അവരുടെ വീട്ടിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ഇരുവരും ആരോടും സംസാരിച്ചിരുന്നില്ല. രാവിലെ അഞ്ചരയ്ക്ക് പോയി രാത്രി പത്തരയ്ക്ക് ശേഷമാണ് മിക്കപ്പോഴും തിരിച്ചെത്തിയിരുന്നത്. തിങ്കളാഴ്ച പൊലീസ് ഇരുവരെയും തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. കൊല്ലപ്പെട്ട വിദ്യയെ ഗ്രാൻടെക് വില്ലയിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് സുനിൽ പറഞ്ഞു. പൊലീസ് ഇവരുടെ ചിത്രം കാട്ടിയെങ്കിലും ആർക്കും തിരിച്ചറിയാനായില്ല. ഇവർ താമസിച്ചിരുന്ന വില്ലയിൽ സന്ദർശകരായി ആരും വരാറില്ലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനോട് പോലും മിണ്ടുന്ന പ്രകൃതമായിരുന്നില്ല.
ആരെയും അടുപ്പിക്കാതെ പ്രേംകുമാർ
വില്ലകളിലെ മാലിന്യമെടുക്കാൻ ഒരു ബംഗാളി വരാറുണ്ട്. പക്ഷേ, പ്രേംകുമാർ അയാളെപ്പോലും അടുപ്പിക്കുമായിരുന്നില്ല. വീട്ടിലെ വേസ്റ്റ് കവറിൽ കെട്ടി പുറത്തു കൊണ്ടുപോയി കളയുകയായിരുന്നു പതിവ്. ഇവർ മാറിപ്പോയ ശേഷം വില്ല പൂട്ടിയിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച വില്ല വാടകയ്ക്കെടുക്കാൻ ചിലർ വന്നതിനുപിന്നാലെയാണ് പ്രതികളുമായി പൊലീസ് എത്തിയത് - സുനിൽ പറഞ്ഞു. പ്രേംകുമാറും സുനിതയും ആരോടും സംസാരിക്കാറില്ലായിരുന്നെന്ന് അയൽക്കാരി ഗീത പറഞ്ഞു. ഒരു അമ്മൂമ്മ ഇടയ്ക്കിടെ വീട്ടിലിരിക്കുന്നത് കാണാറുണ്ടായിരുന്നു. രണ്ട് കുട്ടികൾ രണ്ടു ദിവസം വീട്ടിലുണ്ടായിരുന്നു. കുട്ടികൾ ആരുടേതാണെന്ന് അറിയില്ല. ചിലപ്പോൾ പ്രേംകുമാർ പുറത്തുനിന്ന് ഫോണിൽ സംസാരിക്കുന്നത് കാണാറുണ്ടായിരുന്നു. അയൽപക്കത്തെ വില്ലയിൽ അടുത്തിടെ വിവാഹം നടന്നിരുന്നു. അതിന് രണ്ടുദിവസം കഴിഞ്ഞപ്പോൾ ഇരുവരും വീടൊഴിഞ്ഞു പോയി. വില്ലകളിലെ താമസക്കാരെല്ലാം കതകടച്ച് വീടിനുള്ളിലിരിക്കുകയാണ് പതിവ്. വൈകുന്നേരങ്ങളിൽ ചിലർ നടക്കാനിറങ്ങാറുണ്ട്. പക്ഷേ, പ്രേംകുമാറിനെ ഇതുവരെ കണ്ടിട്ടില്ല - രണ്ടര വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ഗീത പറഞ്ഞു.
ഒന്നും അറിഞ്ഞില്ല: വാച്ച്മാൻ
26-ാം നമ്പർ വില്ലയിൽ നടന്ന കാര്യങ്ങളൊന്നും താൻ അറിഞ്ഞിരുന്നില്ലെന്ന് വാച്ച്മാൻ തങ്കച്ചൻ പറഞ്ഞു. പ്രതികളുമായി കൊച്ചി പൊലീസ് എത്തിയപ്പോൾ മാത്രമാണ് താൻ ഇക്കാര്യം അറിഞ്ഞത്. കൊല്ലപ്പെട്ട വിദ്യയുടെ ചിത്രം പൊലീസ് കാട്ടിത്തന്നെങ്കിലും താൻ മുമ്പ് അവരെ കണ്ടിട്ടില്ലെന്ന് മറുപടി നൽകി. രാത്രിയിൽ കാറിലും ബൈക്കിലും പ്രേംകുമാറും സുനിതയും പുറത്തുപോകുന്നതും തിരികെവരുന്നതും പതിവായിരുന്നു. പക്ഷേ, വിദ്യ ഈ വില്ലയിലെത്തിയത് താൻ കണ്ടിട്ടില്ല. പ്രേംകുമാറും സുനിതയും തന്നോട് സംസാരിക്കാറില്ലായിരുന്നെന്നും തങ്കച്ചൻ പറഞ്ഞു. വിവരമറിഞ്ഞ് വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാറും വാർഡ് അംഗങ്ങളായ കാർത്തികേയൻ, സി.എസ്. അനിൽ എന്നിവരും ഗ്രാൻടെക് വില്ലയിലെത്തിയിരുന്നു.
ഞെട്ടലോടെ വെള്ളറട
കൊലപാതക വിവരം കാട്ടുതീ പോലെയാണ് വെള്ളറടയിൽ പരന്നത്. ചെറുവാരക്കോണത്തെ അനാഥാലയത്തിൽ താമസിച്ച് പഠിച്ച് വളർന്ന സുനിത ഇത്രയും വലിയ കുറ്റകൃത്യത്തിൽ പ്രതിയായെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനായില്ല. ബാലൻവിളയിലെ ഇ.എം.എസ് കോളനിയിലേക്ക് ഇടുങ്ങിയ വഴിയിലൂടെ ഞങ്ങളെത്തുമ്പോൾ നാട്ടുകാർ കൂട്ടംകൂടി നിൽക്കുന്നു. എല്ലാവർക്കും അവിശ്വസനീയമായിരുന്നു സുനിത പ്രതിയായെന്ന വാർത്ത. സുനിതയുടെ വീടിനു ചുറ്റും അയൽക്കാരും ബന്ധുക്കളും കൂടിനിൽക്കുന്നു. തക്കാളിപ്പനി ബാധിച്ച് വൃണമായ കാലുമായി പിതാവ് ജോണും മാതാവ് ചാർലെറ്റും ഇരിക്കുന്നു. മകളെക്കുറിച്ചുള്ള ടി.വി വാർത്തകൾ മൊബൈലിൽ അവരെ കാണിക്കുകയാണ് ബന്ധുക്കളായ യുവാക്കൾ. പഠിക്കാൻ മിടുക്കിയായിരുന്ന സുനിതയെക്കുറിച്ചുള്ള വാർത്തകൾ വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും. വെള്ളിയാഴ്ച വീട്ടിൽ വന്നപ്പോൾ പ്രേംകുമാറിന്റെ ഭാര്യയെ കാണാനില്ലെന്നും കേസുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ചില ഉറ്റബന്ധുക്കളോട് സുനിത സൂചിപ്പിച്ചിരുന്നു. വീട്ടിൽ നിന്ന് രണ്ടുദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് പോയപ്പോഴാണ് സുനിത പൊലീസിന്റെ പിടിയിലായത്.