തിരുവനന്തപുരം: ദുരന്തങ്ങൾ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച യുവാക്കളെ ഉൾപ്പെടുത്തി ജനകീയ ദുരന്ത പ്രതികരണ സേനയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന അഗ്‌നിരക്ഷാ സേനയുടെ സിവിൽ ഡിഫൻസ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ 124 ഫയർ സ്റ്റേഷനുകൾക്ക് അനുബന്ധമായി 50 പേരടങ്ങുന്ന ഓരോ സിവിൽ ഡിഫൻസ് യൂണിറ്റാണ് രൂപീകരിക്കുന്നത്. യുവാക്കൾക്കും യുവതികൾക്കുമൊപ്പം ഡോക്ടർമാർ, എൻജിനിയർമാർ, വിരമിച്ച ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ സേനയിലുണ്ടാകും. പ്രകൃതി ദുരന്തം മാത്രമല്ല, വാഹനാപകടങ്ങളും മറ്റെല്ലാ പ്രശ്‌നങ്ങളും സേന നേരിടും. മത്സ്യത്തൊഴിലാളികൾ, ആദിവാസി വിഭാഗത്തിലുള്ളവർ തുടങ്ങിയവരുടെ പ്രാതിനിദ്ധ്യം ഉണ്ടാകും. സമഗ്ര പരിശീലനം നൽകും. വനിതകൾക്ക് 30 ശതമാനം പ്രാതിനിദ്ധ്യമുണ്ടാകും. സാമൂഹ്യ മാദ്ധ്യമങ്ങളുടെ നല്ല വശങ്ങൾ ദുരന്ത നിവാരണ പ്രവർത്തനത്തിൽ പ്രയോജനപ്പെടുത്തും. അടുത്ത ഘട്ടത്തിൽ തത്സമയ വിവരവിനിമയ സംവിധാനം കൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലമാക്കും.
വീട്ടിൽ ഗ്യാസ് സിലിണ്ടറിൽ തീപിടിത്തം ഉണ്ടായപ്പോൾ കൃത്യമായി ഇടപെട്ട് തീയണച്ച് അഞ്ചു പേരുടെ ജീവൻ രക്ഷിച്ച ആലപ്പുഴ സ്വദേശി അഞ്ചാം ക്ലാസുകാരൻ അഖിലിനെ മുഖ്യമന്ത്രി ചടങ്ങിൽ അനുമോദിച്ചു. സിവിൽ ഡിഫൻസ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും അതിജീവനം കൈപ്പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ, സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ, ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി, ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. ഫയർ ആൻഡ് റസ്‌ക്യൂ ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ സ്വാഗതവും സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ വി. സിദ്ധകുമാർ നന്ദിയും പറഞ്ഞു.