ഉള്ളൂർ: വട്ടപ്പാറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് തട്ടി കേരളകൗമുദി ജീവനക്കാരന് പരിക്കേറ്റു. വിതുര കൊപ്പം കെ.പി.സദനത്തിൽ സാംബശിവനാണ് (53) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3 ഓടെ തിരുവനന്തപുരത്ത് നിന്നു കട്ടപ്പനയിലേക്ക് പോയ ബസാണ് ഇടിച്ചത്. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ കഴിഞ്ഞുള്ള കൊടും വളവ് തിരിയുന്നതിനിടെ ബസിന്റെ പിൻ ഭാഗം സാംബശിവൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു വലത് കാൽമുട്ടിന് ഗുരുതര പരിക്കേറ്റു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടിലെ ലിഗമെന്റിന് ഗുരുതരമായ പരിക്കുണ്ട്. മൂന്നാഴ്‌ചത്തെ വിശ്രമത്തിന് ശേഷമേ ശസ്ത്രക്രിയ വേണമോ എന്ന കാര്യം നിശ്‌ചയിക്കാനാവുള്ളൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.