''ഇവൻ... ഇവനാണോ സാർ..."
ബലഭദ്രൻ അടിമുടി വിറച്ചു.
''യേസ്. നിങ്ങൾക്ക് ഇവനെ അറിയാമോ?"
''അറിയാം."
''എങ്കിൽ പറയൂ. ഇവൻ എവിടെ കാണാനാണു സാദ്ധ്യത? ഞങ്ങൾ കസ്റ്റഡിയിലെടുക്കാം."
ഡിവൈ.എസ്.പിക്ക് ആവേശമായി.
''എവിടെ കാണുമെന്ന് എനിക്കറിയില്ല. പക്ഷേ നിങ്ങൾക്ക് ഒരിക്കലും ഇവനെ കിട്ടാൻ പോകുന്നില്ല."
അയാളുടെ നെറ്റി ചുളിഞ്ഞു.
''അതെന്താ?"
''അതങ്ങനാ. നിങ്ങളെന്നല്ല ഒരു നിയമത്തിനും അവനെ കിട്ടില്ല. കാരണം അവന് ശിക്ഷവിധിക്കുന്നതും അത് നടപ്പാക്കുന്നതും ഞാൻ തന്നെയായിരിക്കും. മരണം..!"
പോലീസ് ഉദ്യോഗസ്ഥർ അമ്പരന്ന് പരസ്പരം നോക്കി.
ക്രൂരമായ ഒരു ഭാവത്തിൽ തമ്പുരാൻ തുടർന്നു.
''ചുമ്മാതുള്ള മരണമല്ല. എന്റെ മകൾ അനുഭവിച്ചതിന്റെ നൂറിരട്ടി വേദനയുള്ള മരണം. അവനെ ഞാൻ തിളച്ച വെള്ളത്തിലിട്ട് പുഴുങ്ങിയേ കൊല്ലൂ..."
ബലഭദ്രൻ തമ്പുരാൻ തിരിഞ്ഞ് തന്റെ ഭാര്യയെയും ചേട്ടത്തിയെയും നോക്കി.
''
''രാജരക്തമാ നമ്മുടേത്. കണ്ണീരൊഴുക്കിയിട്ട് പ്രയോജനമില്ലെങ്കിൽ പിന്നെന്തിന് അതിനു ശ്രമിക്കണം. പോയതു പോയെന്നു തിരിച്ചറിയാനുള്ള മനസ്സുണ്ടാക്ക് ആദ്യം. എന്നിട്ട് ആ മനസ്സിനെ കരിങ്കല്ലുപോലെ ഉറപ്പുള്ളതാക്ക്."
സുമംഗലയും ഇന്ദിരാഭായിയും ഞെട്ടി. ബലഭദ്രന്റെ ബുദ്ധിസ്ഥിരതയ്ക്ക് എന്തോ തകരാറ് സംഭവിച്ചതുപോലെ അവർക്കു തോന്നി.
അപ്പോൾ ഐ.സി.യൂവിന്റെ വാതിൽ തുറന്ന് സ്ട്രെച്ചറിൽ വെള്ളത്തുണി പുതപ്പിച്ച ഒരു ശരീരം പുറത്തേക്കു കൊണ്ടുവന്നു.
അലറിക്കരഞ്ഞുകൊണ്ട് തമ്പുരാട്ടിമാർ അതിലേക്ക് വീണു...
****
നേരം പുലരുവാൻ ഇനി അധികസമയമില്ല. അടുത്ത നിമിഷം വടക്കേ കോവിലകത്തെ ലാന്റ് ഫോൺ മുഴങ്ങി.
അതൊരു കൊലവിളിപോലെ കിടാക്കന്മാരുടെ ഉറക്കം ഞെട്ടിച്ചു.
''ങ്‌ഹേ?"
ശ്രീനിവാസ കിടാവ് കിടക്കയിൽ ചാടിയെഴുന്നേറ്റിരുന്നു. പിന്നെ തങ്ങൾ എവിടെയാണെന്ന് ഒരുവട്ടം ചിന്തിച്ചു.
തുടർന്ന് പരിസരബോധം ഉണ്ടായപ്പോൾ വാതിൽ തുറന്ന് പുറത്തേക്കു പാഞ്ഞു.
ആ വേഗതയ്ക്കിടയിൽ മുന്നിൽ നിന്ന മരത്തൂൺ കണ്ടില്ല കിടാവ്. കാരണം അയാൾ ലൈറ്റു തെളിച്ചിരുന്നില്ല.
പിന്നാലെ ഓടിയെത്തിയ ശേഖരൻ കണ്ടു, കിടാവ് നടുമുറ്റത്തേക്കു വീഴുന്നു...
''ചേട്ടാ..."
അയാൾ പിന്നാലെ ചാടി.
കിടാവിനെ വലിച്ചു പൊക്കി.
കിടാവിനു തല കറങ്ങുന്നതുപോലെ തോന്നി. കാരണം ശിരസ്സാണ് തൂണിൽ ചെന്നിടിച്ചത്.
ഇതിനിടെ ഫോൺ ബല്ലടിച്ചുനിന്നു.
''വല്ലതും പറ്റിയോ ചേട്ടാ?"
വരാന്തയിലേക്ക് ശ്രീനിവാസ കിടാവിനെ കൈ പിടിച്ചു കയറ്റുന്നതിനിടയിൽ ശേഖരൻ തിരക്കി.
''നെറ്റിക്ക് ഭയങ്കര വേദന..." പറഞ്ഞുകൊണ്ട് കിടാവ് അവിടെ അമർത്തി തടവി.
പെട്ടെന്ന് വീണ്ടും ലാന്റ് ഫോൺ ബല്ലടിക്കാൻ തുടങ്ങി.
''പോയെടുക്കെടാ."
കിടാവിന് ദേഷ്യവും വിഷമവും ഒന്നിച്ചുണ്ടായി.
ശേഖരന്റെ കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.
അയാൾ ചെന്ന് റിസീവർ എടുത്തു.
''ഹലോ..."
''ഞങ്ങളാ. എത്തി."
പറഞ്ഞതും കാൾ മുറിഞ്ഞു.
ശേഖരൻ, ചേട്ടന്റെ അടുക്കൽ ഓടിച്ചെന്നു.
''അവർ വന്നു."
''പക്ഷേ എങ്ങനെ അകത്തു കയറ്റും?"
കിടാവിന്റെ ചോദ്യം കേട്ട് ശേഖരനും അബദ്ധം പറ്റിയതുപോലെയായി. അതേക്കുറിച്ചൊന്നും പറയാതെ അപ്പുറത്ത് കോൾ കട്ടുചെയ്യുകയും ചെയ്തല്ലോ.
ലാന്റ് ഫോണിൽ നിന്നു തിരിച്ചുവിളിക്കാം എന്നു ചിന്തിച്ചാലും നമ്പർ തങ്ങൾക്കു കാണാതറിയില്ല...
ഓഫു ചെയ്തു വച്ചിരിക്കുന്ന തങ്ങളുടെ ഫോണുകളിൽ അത്തരം നമ്പരുകൾ സേവു ചെയ്തിട്ടുമില്ല.
''നാശം പിടിക്കാൻ..." കിടാവ് പല്ലിറുമ്മി.
അപ്പോൾ വീണ്ടും ഫോൺ ശബ്ദിച്ചു.
ഇത്തവണ അറ്റന്റു ചെയ്തതേ ശേഖരൻ പറഞ്ഞു:
''കോൾ മുറിക്കല്ലേ... ഞങ്ങൾക്ക് വാതിൽ തുറക്കാൻ കഴിയില്ല. അത് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. ഇനി എന്തുചെയ്യുമെന്നു പറ."
''നിങ്ങൾ അടുക്കളവാതിലിന് അടുത്തേക്കു വാ സാറേ... ഫ്രണ്ട് ഡോർ പോലീസ് സീലു ചെയ്തിരിക്കുകയാ. അത് പൊളിക്കുന്നത് ബുദ്ധിയല്ല."
''ശരി. ഞാൻ വരുന്നു.."
ശേഖരൻ അടുക്കളയിലേക്കു പോയി.
അല്പനേരം കഴിഞ്ഞപ്പോൾ വാതിലിന്റെ പൂട്ടു പൊളിക്കുന്ന ശബ്ദം കേട്ടു. തുടർന്ന് വാതിൽപ്പാളി അല്പം തുറക്കപ്പെട്ടു.
''സാറേ..."
പുറത്തുനിന്ന് പതിഞ്ഞ ശബ്ദം.
''കേറിപ്പോരെ ഞാനിവിടുണ്ട്." ശേഖരനും സ്വരം താഴ്‌ത്തി.
വാതിൽപ്പാളികൾ മലർക്കെ തുറക്കപ്പെട്ടു.
പുറത്തെ മങ്ങിയ നിലാവെളിച്ചത്തിൽ ശേഖരൻ കണ്ടു, രണ്ടുപേർ അകത്തേക്കു വരുന്നു. അവരുടെ തോളിൽ ആരോ കിടപ്പുണ്ട്.
ശേഖരൻ ചെന്നു വാതിലടച്ച് കൊളുത്തിട്ടു.
പിന്നെ അകത്തേക്കു വന്നവർക്കൊപ്പം നടുത്തളത്തിലെത്തി.
തോളിൽ കിടന്നവരെ ഇരുവരും തറയിലേക്കിട്ടു. എന്നിട്ടും അവർ അനങ്ങിയില്ല.
''ശേഖരാ.... ലൈറ്റൊന്നിട്ട്."
കിടാവ് നിർദ്ദേശിച്ചു.
ശേഖരൻ ലൈറ്റിട്ടു.
കിടാക്കന്മാർ വിജയഭാവത്തിൽ തറയിൽ കിടന്നവരെ നോക്കി.
ചന്ദ്രകലയും പ്രജീഷും!
രണ്ട് പഴന്തുണിക്കെട്ടുകൾ പോലെ..!
''മൂന്നാലു തവണ മുഖത്ത് സ‌്‌പ്രേ ചെയ്യേണ്ടിവന്നു. അതിന്റെ മയക്കത്തിലാ." പരുന്ത് റഷീദ് പറഞ്ഞു.
''എങ്കിൽ സമയം കളയണ്ടാ. ഇയാൾ വണ്ടിയുമായിട്ട് പൊയ്ക്കോട്ടെ... ഈ കോവിലകത്തിന്റെ മുറ്റത്ത് വണ്ടി കണ്ടാൽ കുഴപ്പമാ...."
ഡ്രൈവറെ നോക്കിക്കൊണ്ട് കിടാവ് തിടുക്കപ്പെട്ടു...
(തുടരും)