കൊല്ലം: മകളെ സ്കൂളിലാക്കി മടങ്ങി വരവേ, യുവതിയെ പതിയിരുന്ന കാമുകൻ കഴുത്തിന് കുത്തിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ 9.35 ഓടെ കുണ്ടറ കേരളപുരം അഞ്ചുമുക്കിലാണ് സംഭവം. അഞ്ചുമുക്ക് സ്വദേശി ഷൈലയാണ് (40) മരിച്ചത്. പ്രതി കേരളപുരം സ്വദേശി അനീഷ് (30) പൊലീസ് എത്തുന്നതുവരെ സംഭവ സ്ഥലത്തുണ്ടായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൈലയുടെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി പിന്നിലൂടെ ഓടിയെത്തി കഴുത്തിൽ കുത്തുകയായിരുന്നു. കുത്തേറ്റ് പിടഞ്ഞുവീണ യുവതി ഏറെനേരം റോഡിൽ രക്തം വാർന്ന് കിടന്നു. കുണ്ടറ പൊലീസ് എത്തിയാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പ്രവാസിയുടെ ഭാര്യയാണ് കൊല്ലപ്പെട്ടത്. പ്രതിയുമായി ഇവർ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് തമ്മിൽ തെറ്റിയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. റൂറൽ എസ്.പി ഹരിശങ്കർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ അടുപ്പം വിവാദമായതോടെ ഇവർ തമ്മിൽ മുൻപും വാക്കേറ്റം ഉണ്ടായിട്ടുണ്ട്. പ്രതിയുടെ ബൈക്ക് കത്തിച്ചത് അടക്കമുള്ള സംഭവങ്ങളും നടന്നിരുന്നതായി പൊലീസ് പറയുന്നു.