''അപ്പോൾ ഞാനോ?" പരുന്ത് റഷീദ്, കിടാക്കന്മാരെ മാറിമാറി നോക്കി.
''നീ പോകണ്ടാ. നിന്നൊക്കൊണ്ട് ഇവിടെ ചില ജോലികളുണ്ട്."
ശ്രീനിവാസകിടാവു പറഞ്ഞു.
ഡ്രൈവർ പോകുവാൻ തയ്യാറായി.
''പറഞ്ഞ പണം നിനക്ക് ബാംഗ്ളൂരിൽ കിട്ടും. അറിയാമല്ലോ ആരെയാ കാണേണ്ടതെന്ന്?"
പരുന്ത് റഷീദ് അയാളോട് സംസാരിച്ചു.
ഡ്രൈവർ തല കുലുക്കി.
പിന്നെ മറ്റുള്ളവരോടു യാത്ര പറഞ്ഞു.
പെട്ടെന്നാണ് ശേഖരൻ തിരക്കിയത്:
''പുറത്തെ പൂട്ട് പൊളിച്ചിട്ടിരിക്കുകയല്ലേ? പോലീസോ മറ്റോ വന്ന് അത് കണ്ടുപിടിച്ചാൽ..."
പരുന്ത് നിസ്സാര ഭാവത്തിൽ ചിരിച്ചു.
''തുറന്ന പൂട്ട് അതുപോലെ തന്നെ തിരിച്ച് അടയ്ക്കാനും എനിക്കറിയാം."
''അപ്പോൾ നീയെങ്ങനെ പിന്നെ അകത്തുവരും?" ചോദിച്ചത് ശ്രീനിവാസകിടാവാണ്."
''അതിനും വഴിയുണ്ടാക്കാം."
പരുന്ത് കോവിലകത്തിന്റെ തട്ടിൻപുറം ഭാഗത്തേക്കു പോയി.
മര ഗോവണി കയറി തട്ടിൻ പുറത്തെ ഇരുളിൽ മറഞ്ഞു.
കൃത്യം പതിനഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ അതേ വഴി തന്നെ അയാൾ മടങ്ങിയെത്തി.
''പുറത്തെ താഴ് പഴയതുപോലെ പൂട്ടിയിട്ടുണ്ട്.
കിടാക്കന്മാർ കൺമിഴിച്ചു.
''അതെങ്ങനെ?"
''ഈ പരുന്തിന് അറിയാത്തതായി ഒന്നുമില്ല സാറന്മാരേ..."
''പക്ഷേ നീ എങ്ങനെ പുറത്തിറങ്ങുകയും തിരികെ വരികയും ചെയ്തു?"
ശേഖരന് അതങ്ങോട്ട് മനസിലാകുന്നില്ല.
''തട്ടിൻപുറത്തു കയറി ഞാൻ ഓടിളക്കി. പുറത്തുനിന്നു നോക്കിയാൽ അങ്ങനെ ചെയ്തതായി അറിയാനേ കഴിയില്ല. അതുവഴി നിരങ്ങിയിറങ്ങുന്നത് പുറം ഭാഗത്തുള്ള തൊഴുത്തിനും കോവിലകത്തിന്റെ ഭിത്തിക്കും ഇടയ്ക്കാ... ആ വഴി തന്നെ തിരിച്ചും പോന്നു."
കിടാക്കന്മാരുടെ കണ്ണുകൾ വെട്ടിത്തിളങ്ങി.
ഇനി കോവിലകത്തെ നിധിയെടുത്തിട്ട് ആ വഴി പുറത്തെത്തിക്കാം. എന്നിട്ട് ഏറ്റവും അവസാനം മാത്രം അടുക്കള വാതിൽ തുറന്നു രക്ഷപെടാം."
''ഇവിടെ എന്തോ നാറുന്നുണ്ടല്ലോ." പരുന്ത് ചുറ്റും നോക്കി.
''ഒരു ശവം അത് നിലവറയ്ക്കുള്ളിലെ കല്ലറയിൽ ഇട്ടിരിക്കുകയാ. പക്ഷേ കല്ലറയുടെ മൂടി സിമന്റു വയ്ക്കാൻ സാധിച്ചിട്ടില്ല..."
''അതിനാണോ പാട്?"
പരുന്ത് കാര്യം ലഘൂകരിച്ചു.
''നമ്മളാരും ഇവിടെ സ്ഥിരതാമസത്തിനു വന്നതല്ലല്ലോ. തൽക്കാലം സിമന്റിനു പകരം മണ്ണ് കുഴച്ചുവയ്ക്കാം."
അതൊരു നല്ല ആശയമായി കിടാക്കന്മാർക്കു തോന്നി...
''എങ്കിൽ ശരിക്കു പുലരും മുൻപ് നീ കുറച്ചു മണ്ണുകൊണ്ടുവാ..."
പരുന്ത് കോവിലകത്തിന്റെ സ്റ്റോർ റൂമിൽ പോയി ഒരു ചാക്കെടുത്തു. അതുമായി തട്ടിൻപുറത്തേക്കു കയറി. അതിനിടെ പറഞ്ഞു.
''ഞാനിത് അടുക്കള വാതിൽ വഴി അകത്തെത്തിക്കാം. ഒരുതവണ കൂടി പൂട്ട് തുറക്കുകയും അടയ്ക്കുകയും ചെയ്യണമെന്നല്ലേയുള്ളു?"
പറഞ്ഞ പ്രകാരം അടുക്കള വാതിൽ തുറന്ന് അര ചാക്കോളം മണ്ണ് അകത്തെത്തിക്കുകയും പുറത്തിറങ്ങി പഴയ പടി താഴ് പൂട്ടുകയും ചെയ്തു പരുന്ത്. ശേഷം തട്ടിൻപുറം വഴി അകത്തെത്തി.
''നല്ല പശപ്പുള്ള മണ്ണാ. ചിതൽപ്പുറ്റിൽ നിന്ന് അടർത്തിയെടുത്തതാ..."
''കല്ലറയിൽ മണ്ണു തേക്കും മുൻപ് മറ്റൊരു ജോലിയുണ്ട്."
കിടാവ് ചന്ദ്രകലയ്ക്കും പ്രജീഷിനും നേർക്കു കൈചൂണ്ടി.
''ഇവരെ ഇവിടെ നിന്നു മാറ്റണം."
''എവിടേക്കാ സാറേ?"
പരുന്ത് റഷീദ് ചന്ദ്രകലയെ കോരി യെടുത്ത് തോളിലിട്ടു.
''ഏറ്റവും സെയ്‌ഫായ ഒരു മുറിയിൽ പെട്ടെന്നാരും കണ്ടുപിടിക്കാത്ത ഭാഗത്ത്."
അത്തരം മുറികൾ ധാരാളമുണ്ടായിരുന്നു കോവിലകത്ത്.
പൊടിപിടിച്ച കിടക്കകളും മറ്റുമുള്ള മുറി.
അവയിലൊന്നിൽ ചന്ദ്രകലയെ എത്തിച്ചു പരുന്ത്.
പിന്നെ മെത്ത ഒന്നു മറിച്ചിട്ടിട്ട് അതിൽ കിടത്തി. പിന്നാലെ പ്രജീഷിനെയും കൊണ്ടുവന്നു.
''കട്ടിലിന്റെ തലയ്ക്കലും കാൽക്കലുമായി ഇവരുടെ കൈകാലുകൾ കെട്ടിവയ്ക്കണം."
കിടാവിന്റെ കൽപ്പന.
പരുന്ത് സ്റ്റോർ റൂമിൽ പോയി കയറിന്റെ കഷണങ്ങൾ കൊണ്ടുവന്നു.
ശേഷം കട്ടിലിന്റെ കാൽക്കലെയും തലയ്ക്കലെയും ക്രാസികളിൽ പ്രജീഷിന്റെയും ചന്ദ്രകലയുടെയും കൈകാലുകൾ ചേർത്തുകെട്ടി.
പ്രജീഷ് ഒന്നു ഞരങ്ങി.
''ഇവനൊക്കെ ഉണരണമെങ്കിൽ ഇനിയും കുറേസമയമെടുക്കും."
പരുന്ത് പിറുപിറുത്തു.
''ഉണരുമ്പോൾ നിലവിളിക്കരുതല്ലോ.."
ശേഖരൻ കുറച്ചു പഴന്തുണികൾ എടുത്തുകൊണ്ടുവന്നു.
പരുന്ത് അതു വാങ്ങി വലിച്ചുകീറി ചന്ദ്രകലയുടെയും പ്രജീഷിന്റെയും വായിൽ അത് ചുരുട്ടി തിരുകി...
നേരം പുലർന്നു.
അപ്പോഴേക്കും ചിതൽമണ്ണു കുഴച്ച് കല്ലറയുടെ സ്ളാബിനടിയിൽ വായുകടക്കാത്തവിധം തേച്ചുപിടിപ്പിച്ചിരുന്നു പരുന്ത് റഷീദ്. അതോടെ അവിടെ കെട്ടിനിന്നിരുന്ന വായുവിൽ കലർന്ന ദുർഗ്ഗന്ധം ഒഴികെ ഇല്ലെന്നായി.
കിടാക്കന്മാർ ആശ്വാസത്തോടെ നിശ്വസിച്ചു.
പത്തുമണി.
കോവിലകത്തിന്റെ മുറ്റത്ത് വന്നുനിന്ന ബൊലേറോയിൽ നിന്ന് സി.ഐ അലിയാർ ഇറങ്ങി.
അയാളും ഡ്രൈവറും മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു.
അലിയാർ ആദ്യം ചെക്കു ചെയ്തത് പുറത്തെ വാട്ടർ പൈപ്പ് തുറന്നു നോക്കുകയാണ്.
അതിൽ നിന്നു വെള്ളം ചീറ്റിയൊഴുകി.
അലിയാരുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായി. താൻ മുഴുവൻ തുറന്നുവിട്ടശേഷം ആരോ ടാങ്കിൽ വെള്ളം നിറച്ചിരിക്കുന്നു.
അതിനർത്ഥം കോവിലകത്തിനുള്ളിൽ ആരോ ഉണ്ടെന്നല്ലേ?
അലിയാരുടെ ഓരോ നീക്കവും ജനാലയിലൂടെ നോക്കിനിൽക്കുകയായിരുന്നു കിടാക്കന്മാരും പരുന്ത് റഷീദും.
അയാളുടെ അടുത്ത നീക്കമെന്ത്? അതറിയാനായി അവരുടെ ഹൃദയതാളം മുറുകി.
(തുടരും)