സ്വന്തം പരോക്ഷ നികുതികൾ ഉപേക്ഷിച്ച് ചരക്ക് - സേവന നികുതിയിലേക്ക് മാറാൻ മടികാണിച്ചുനിന്ന സംസ്ഥാനങ്ങളെ അതിന് സമ്മതിപ്പിച്ചത്, പുത്തൻ നികുതി വരുമാനം 14 ശതമാനം കണ്ട് വർദ്ധിക്കാതെ വരുന്ന അവസരങ്ങളിൽ, നഷ്ടം കേന്ദ്രസർക്കാർ നൽകുമെന്ന വാഗ്ദാനം കൊടുത്തുകൊണ്ടായിരുന്നു. ജി.എസ്.ടി നടപ്പിലാക്കാൻ തുടങ്ങിയ 2017 ജൂലായ് മാസം മുതൽ ഇക്കഴിഞ്ഞ അഞ്ചുമാസം വരെ നഷ്ടപരിഹാര നിബന്ധന കേന്ദ്രസർക്കാർ കൃത്യമായി പാലിച്ച് പോവുകയായിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ തന്നെ ജി.എസ്.ടി വരുമാനവും, സംസ്ഥാനങ്ങൾക്കുള്ള നഷ്ടസംഖ്യ തരപ്പെടുത്താനായി, ആഡംബര ഉത്പന്നങ്ങളിന്മേലും, സിഗററ്റ് പോലുള്ള 'പാപ" വസ്തുക്കളിന്മേലും ചുമത്തിയിട്ടുള്ള സെസ് വരുമാനവും പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസങ്ങളിൽ ഈ ബാദ്ധ്യത നിറവേറ്റാൻ കേന്ദ്രസർക്കാരിന് കഴിയാതെ വന്നു. കടുത്ത ധനഞെരുക്കത്തിൽ ഉഴറുന്ന കേരളത്തിന് തന്നെ 3200 കോടി രൂപയാണ് കുടിശികയായി കിട്ടാനുള്ളത്. ജി.എസ്.ടിയുടെ നിരക്കുകൾ ഉയർത്തിക്കൊണ്ട് സംസ്ഥാനങ്ങളുടെ നഷ്ടം നികത്താൻ ശ്രമിക്കുകയെന്ന എളുപ്പമാർഗമാണ് അധികാരികൾ ആലോചിക്കുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, ഈ ഉപായത്തിലെ അപായങ്ങൾ കൂടി കണക്കിലെടുത്ത ശേഷം ജി.എസ്.ടി കൗൺസിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതാകും അഭികാമ്യം.
നിലനിന്നിരുന്ന പരോക്ഷ നികുതികൾ ഇല്ലാതാക്കി ജി.എസ്.ടിയിലേക്ക് രാഷ്ട്രം മാറാൻ കാരണം അതിന്റെ വാഗ്ദത്ത നന്മകളായിരുന്നു. ഏറ്റവും വലിയ മേന്മയായി ഉയർത്തിക്കാട്ടിയത് നിലനിന്ന നികുതി നിരക്കുകളേക്കാൾ കുറഞ്ഞ തോതിലായിരിക്കും ജി.എസ്.ടിയെന്നും, അതുവഴി സാധന വിലകൾ താഴുകയും, ഉപഭോക്താക്കളുടെ ക്ഷേമം ഉയരുമെന്നതായിരുന്നു. തീർച്ചയായും ഈ വാഗ്ദാനം ഏറെക്കുറെ നിറവേറ്റുന്ന രീതിയിലായിരുന്നു കഴിഞ്ഞ രണ്ടുവർഷത്തെ അനുഭവം. ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റത്തിന്റെ തോത് നാല് ശതമാനത്തിനരികെ, സഹിക്കത്തക്ക, നിലയിൽ നിറുത്താൻ കഴിഞ്ഞതിന്റെ പ്രധാന കാരണം ജി.എസ്.ടിയിലേക്കുള്ള ചുവടുമാറ്റവും, അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ നികുതിയുടെ സ്ളാബുകളിൽ വരുത്തിയ യുക്തിസഹമായ മാറ്റങ്ങളുമായിരുന്നു. വിലക്കയറ്റം രൂക്ഷമല്ലാത്തതിനാലാണ് സാമ്പത്തികമന്ദത അകറ്റാനുള്ള നടപടിയെന്ന നിലയിൽ പലിശനിരക്ക്, കാര്യമായ തോതിൽ, കുറയ്ക്കാൻ കേന്ദ്രബാങ്കിന് കഴിഞ്ഞത്. ഇന്നിപ്പോൾ, ഭക്ഷ്യവിലകൾ ഉയരാൻ തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ജി.എസ്.ടി കൂടി ഉയർത്തിയാൽ അത് പൊതുവിലക്കയറ്റത്തിനും ഉപഭോഗച്ചോർച്ചയ്ക്കും ഇടവരുത്തും. സമ്പദ്ഘടനയുടെ മെല്ലെപ്പോക്കിനുള്ള ഒരു പ്രധാന കാരണം ഉയരാൻ മടികാണിച്ചു നിൽക്കുന്ന ഉപഭോഗമാണെന്നിരിക്കെ, അതിനെ വീണ്ടും ഇടിക്കും വിധമുള്ള നികുതി വർദ്ധനവ് ദോഷം ചെയ്യാനിടയുണ്ട്.
രാജ്യത്തെ സാമ്പത്തിക മന്ദത പരിഹരിക്കാനുള്ള പരിപാടികളുടെ ഭാഗമായി സമ്പന്നവർഗത്തെ മാത്രം ബാധിക്കുന്ന പ്രത്യക്ഷ നികുതികൾ പലതും വെട്ടിക്കുറച്ചത് ഈയിടെയായിരുന്നു. എന്നാൽ, സമ്പന്നരെയും സാധാരണക്കാരെയും ബാധിക്കുന്നതാണ് ജി.എസ്.ടി എന്നിരിക്കിലും, സാധാരണക്കാരൻ നൽകുന്ന നികുതിത്തുകയുടെ ഭാരം, അതേ സംഖ്യ നൽകുന്ന ധനികന്റേതിനേക്കാൾ ഉയർന്നതായിരിക്കും. മാന്ദ്യം അകറ്റാനായി സമ്പന്നരെ മാത്രം ബാധിക്കുന്ന വരുമാന നികുതികളിൽ ഇളവുകൾ അനുവദിക്കാൻ തയ്യാറായ സർക്കാർ, സാദാ ജനത്തിന്, താരതമ്യേന, കൂടുതൽ അലോസരമുണ്ടാക്കുന്ന ജി.എസ്.ടി വർദ്ധിപ്പിക്കുന്നത് മാന്ദ്യത്തെ വഷളാക്കുക മാത്രമല്ല, സർക്കാരിന്റെ പ്രതിച്ഛായയ്ക്കും ഭൂഷണമാകില്ല.
അന്തിമ ഉപഭോഗം നടക്കുന്ന പോയിന്റിലാണ് ജി.എസ്.ടി നൽകേണ്ടി വരുന്നതെന്ന കാരണത്താൽ കേരളം പോലുള്ള ഉപഭോഗ സംസ്ഥാനങ്ങൾക്ക് ഗുണകരവും എന്നാൽ ഉത്പാദന സംസ്ഥാനങ്ങൾക്ക് അത്ര മെച്ചപ്പെട്ടതാകില്ല പുതിയ നികുതിയിലേക്കുള്ള ചുവടു മാറ്റവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനാലാണ് നികുതി വരുമാനം കാര്യമായി വർദ്ധിക്കാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്രം നഷ്ടപരിഹാരം നൽകുമെന്ന വകുപ്പ് വന്നത്. പക്ഷേ, ഉപഭോഗ സംസ്ഥാനമായ കേരളത്തിന്റെ അനുഭവം മോശപ്പെട്ടതായിരുന്നു. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ജി.എസ്.ടി കളക്ഷൻ 14 ശതമാനത്തിന് പകരം, ഏഴ് ശതമാനം കണ്ട് മാത്രമാണ് ഉയരുന്നത്. ജി.എസ്.ടിക്ക് മുമ്പ് സംസ്ഥാനത്ത് നിലനിന്നിരുന്ന ശരാശരി നികുതി നിരക്ക് 24 ശതമാനമായിരുന്നു; എന്നാൽ ജി.എസ്.ടിയിലെ ശരാശരി നിരക്ക് 18 ശതമാനമായി കുറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ നികുതി വരുമാനം ഉയരേണ്ട തോതിൽ ഉയർന്നില്ല. ധനപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിന് നിയമപരമായി ലഭിക്കേണ്ട തുകയ്ക്കു വേണ്ടി ഏറെ കാത്തിരിക്കാനാകില്ല. ജി.എസ്.ടി നിരക്കുയർത്തി പ്രശ്നം പരിഹരിക്കാമെന്ന വിദ്യ രണ്ട് കാരണങ്ങളാൽ അത്ര നല്ല മാർഗമാകുന്നില്ല. ഒന്ന് : അത് കാലവിളംബം ഉണ്ടാക്കുന്ന നടപടിക്രമമാണ്. രണ്ട് : ജി.എസ്.ടി വഴിയുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വരുമാനം കുറയാനുള്ള ഒരു പ്രധാന കാരണം സാമ്പത്തിക മന്ദത ആണെന്നിരിക്കെ, അതിനെ വഷളാക്കുന്ന ജി.എസ്.ടി നിരക്ക് വർദ്ധനവെന്ന പരിഹാരക്രിയ യുക്തിസഹമല്ല. മറ്റ് മാർഗങ്ങളിലൂടെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതാകും ഉത്തമം.