balabhasker

തിരുവനന്തപുരം: വയലിൻ കമ്പികളിൽ ശുദ്ധസംഗീതമൊഴുക്കിയ ബാലഭാസ്കറിൻെറ മരണത്തിന് പിന്നിൽ ശുദ്ധമല്ലാത്ത കൃത്യം നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ സി.ബി.ഐക്ക് കഴിയുമോ? അങ്ങനെയൊന്ന് ഉണ്ടെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ കടന്നുവരുന്ന സി.ബി.ഐ വലിച്ച് നിവർത്തി പുറത്തിടേണ്ടത് വലിയൊരു ദൗത്യമാണ്. അതിൻെറ നേരറിയാൻ സി.ബി.ഐക്കാകുമാേ?

ബാലുവിന്റെ മരണം അപകടമോ ആസൂത്രിതമോയെന്ന ചോദ്യത്തിനാണ് സി.ബി.ഐ ഉത്തരം കാണേണ്ടത്. ബാലഭാസ്കറിന്റെ സുഹൃത്തും പ്രോഗ്രാം മാനേജരുമായ പ്രകാശ് തമ്പിയും വിഷ്ണുസോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണകള്ളക്കടത്ത് കേസിൽ പ്രതിയായതും അപകടസ്ഥലത്ത് ഇവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലും ചിലരുമായുള്ള സാമ്പത്തിക ഇടപാടുകളുമാണ് സംശയങ്ങൾക്കിടയാക്കുന്നത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന യുവാവിന്റെ മൊഴിമാറ്റവും ദുരൂഹതകൾ വർദ്ധിപ്പിക്കുന്നു.

ബാലഭാസ്കറിന്റെ മരണശേഷം കേസ് അന്വേഷണത്തിനെത്തിയ ക്രൈംബ്രാഞ്ച് മുമ്പാകെ ബാലഭാസ്കറിന്റെ പിതാവ് സി.കെ. ഉണ്ണിയും ബന്ധുക്കളും ഇക്കാര്യങ്ങൾ ഉന്നയിച്ചെങ്കിലും വേണ്ടവിധം അന്വേഷിക്കാതെ അപകടമരണമാക്കി കേസ് ഒതുക്കിയെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.കെ. ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെതുടർന്നാണ് കേസ് സി.ബി.ഐയ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.

സി.ബി.ഐ കണ്ടെത്തേണ്ട ചോദ്യങ്ങൾ

 ബാലഭാസ്കർ തൃശൂരിൽ നിന്ന് പെട്ടെന്ന് രാത്രിയിൽ മടങ്ങിയത്.

 ദൂരെയാത്രകളിൽ രാത്രിയിൽ പതിവായി അച്ഛനെ ഫോണിൽ വിളിക്കാറുണ്ടെങ്കിലും അന്ന് വിളിക്കാതിരുന്നതെന്ത്

അപകട വിവരം ബാലഭാസ്കറിന്റെ ബന്ധുക്കളെ അറിയിക്കാൻ വൈകിയതിന് കാരണം

 ബാലുവിന്റെ മാനേജർമാരെന്ന് അവകാശപ്പെടുന്ന പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും നടത്തിയ സ്വർണ്ണക്കള്ളക്കടത്തും ബാലുവുമായുള്ള സാമ്പത്തിക ഇടപാടുകളും

 പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമയുടെ അന്യായമായ സൗഹൃദവും സാമ്പത്തിക ഇടപാടുകളും. ഇവരുടെ ബന്ധുവും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളുമായ അ‌ർജുൻ ഡ്രൈവറായത്

സംശയ നിഴലിലുള്ള പൂന്തോട്ടം

ആശുപത്രി ഉടമയുടെ ഭാര്യ സംഭവ ദിവസം രാത്രി വൈകിയും ബാലഭാസ്കറിനെ പല ആവർത്തി വിളിച്ചത് എന്തിനായിരുന്നു

 വാഹനം ഓടിച്ചത് താനല്ലെന്ന് അർജുൻ കള്ളം പറഞ്ഞതെന്തിന്

 ഡ്രൈവറെപ്പറ്റി തമ്പി നടത്തിയ മൊഴിമാറ്റം

അപകടത്തിനുശേഷം ബാലഭാസ്കറിന്റെ ബന്ധുക്കളെ എന്തിനാണ് സംശയ നിഴലിലുള്ളവർ ആശുപത്രിയിൽ നിന്നുപോലും ആട്ടിയകറ്റാൻ ശ്രമിച്ചത്

 മെഡിക്കൽ കോളേജിൽ നിന്ന് ബന്ധുക്കളുടെ ഉപദേശം തേടാതെ തിടുക്കത്തിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്തിന്

ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ, പേഴ്സ്, ബെൻസ് കാർ എന്നിവ പ്രകാശ് തമ്പി ഉപയോഗിച്ചത്. മൊബൈൽ രേഖകൾ ഇയാൾ നശിപ്പിച്ചിരുന്നോ

ബാലഭാസ്കറിന്റെ ഹിരണ്മയ എന്ന വീട്ടിൽ സി.സി.ടി.വി സ്ഥാപിച്ച് നിരീക്ഷണത്തിലാക്കാൻ വിഷ്ണുവിനെയും തമ്പിയേയും പ്രേരിപ്പിച്ചത്

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയോ ബ്ലാക് മെയിലിംഗോ നേരിടുന്നുണ്ടോ

തമ്പിയും വിഷ്ണുവും ചേർന്ന് ബാലഭാസ്കറിനെ ഏതെങ്കിലും കെണിയിൽ അകപ്പെടുത്തിയിരുന്നോ

വീട്ടുകാരുമായി ബാലഭാസ്കറിന് അടുപ്പമുണ്ടായിരുന്നില്ലെന്നും കുടുംബങ്ങൾ തമ്മിൽ ശത്രുതയിലായിരുന്നുവെന്നും നുണക്കഥ പ്രചരിപ്പിച്ചത് എന്തിനുവേണ്ടിയായിരുന്നു

കലാഭവൻ സോബി കൊടുത്ത മൊഴിയും വെളിപ്പെടുത്തലും മുഖവിലയ്ക്കെടുക്കാതിരുന്നത്

അപകടശേഷം തമ്പിയും കൂട്ടുകാരും ചേർന്ന് കൊല്ലത്തെ ജ്യൂസ് കടയിൽ പോയി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചത്

ഡി.ആർ.ഐ കണ്ടെത്തിയ വിവരങ്ങൾ ക്രൈംബ്രാഞ്ച് നിസാരവത്കരിച്ചത്

ബാലഭാസ്കറിനെ ഇല്ലായ്മ ചെയ്യാൻ വിഷ്ണുവോ തമ്പിയോ പൂന്തോട്ടത്തിലുള്ളവരോ ആസൂത്രണം നടത്തിയിരുന്നോ

ബാലഭാസ്കറുമായുള്ള അടുപ്പം സംശയ നിഴലിലുള്ളർ മുതലെടുക്കുകയും അനധികൃത ബിസിനസുകൾക്ക് ഉപയോഗിക്കുകയും ചെയ്തോ

നേരറിയുമോ

സ്വർണക്കള്ളക്കടത്തിൽ ഡി.ആർ.ഐ അന്വേഷണത്തിൽ തെളിഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിലാകും സി.ബി.ഐ സംഘവും അന്വേഷണം നടത്തുക. സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലേ അന്വേഷണം ആരംഭിക്കാൻ കഴിയൂ. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റിന് ക്രൈംബ്രാഞ്ച് സംഘം കേസ് ഫയൽ കൈമാറണം. ഏതായാലും സി.ബി.ഐ എത്തുന്നതോടെ ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള എല്ലാ ദുരൂഹതകളും നീങ്ങുമെന്ന പ്രതീക്ഷയിലാണ് കുടുംബം.