പത്തനാപുരം: പത്തനാപുരത്തുനിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിയും ഒപ്പമുള്ള എം.ബി.ബി.എസ് വിദ്യാർത്ഥിയും ഐസിസിൽ ചേരാൻ നാടുവിട്ടതായി സംശയം. പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനാപുരം പിറവന്തൂർ ചീവോട് പുൽചാണിമുക്ക് മുബാറക്ക് മൻസിലിൽ നസീറിന്റെ മകൻ നൗഫൽ നസീറിനെയാണ് (19) കാണാതായതായി കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ 26 മുതലാണ് നൗഫലിനെ കാണാതാകുന്നത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. അന്വേഷണം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസിന് ശരിയായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. നൗഫലിന്റെ അയൽവാസികളിൽ ചിലരെ ചോദ്യം ചെയ്തതോടെയാണ് നാടുവിട്ടതിന് പിന്നിലുള്ള ആദ്യ സൂചനകൾ ലഭിച്ചത്. എന്നാൽ പൊലീസ് ഇത് ആദ്യം കാര്യമായെടുത്തിരുന്നില്ല.
തുടർന്ന് നൗഫലിന്റെ മാതാവ് ഷാജിതയും ഇയാളെക്കുറിച്ച് പൊലീസിന് വിവരങ്ങൾ നൽകിയതോടെയാണ് പൊലീസ് ഈ വഴിക്ക് അന്വേഷണം ആരംഭിച്ചത്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചതായും ഡിവൈ.എസ്.പി കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് വിദേശത്ത് പഠിച്ചുകൊണ്ടിരുന്ന യുവാവുമായി നൗഫൽ സൗഹൃദത്തിലാകുന്നതെന്നും ഷാജിത പറയുന്നു.
ഇരിങ്ങാലക്കുട സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയാണ് നൗഫലിനൊപ്പം ഉള്ളതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇറ്റലിയിൽ എം.ബി.ബി.എസിന് പഠിക്കുന്ന യുവാവ് അടുത്തിടയ്ക്കാണ് നാട്ടിലെത്തിയത്. മെഡിക്കൽ പഠനം പൂർത്തിയാക്കാതെ നാട്ടിലെത്തിയ ഇയാൾ എൻട്രൻസ് പരിശീലനത്തിന് പോവുകയായിരുന്നു.
വിദേശത്ത് എം.ബി.എ പഠനം ലഭ്യമാക്കാമെന്ന് ഇയാൾ നൗഫലിനെ വ്യാമോഹിപ്പിച്ചിരുന്നതായും മാതാവ് പറയുന്നു. 26ന് രാവിലെ കോളേജിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എറെ വൈകിയും തിരികെയെത്താത്തതിനെതുടർന്ന് ബന്ധുക്കൾ അന്വേഷണം ആരംഭിച്ചു. 26ന് ഉച്ചയ്ക്ക് എറണാകുളത്തുനിന്ന് ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനൊപ്പം നൗഫൽ മംഗള എക്സ്പ്രസിൽ കയറിയതായി റെയിൽവേ സ്റ്റേഷനിലെ സി.സി ടി.വി കാമറകളിലെ ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വൈകിട്ട് 4.15ന് പട്ടാമ്പിയിലാണ് അവസാനം നൗഫലിന്റെ ഫോൺ ലൊക്കേറ്റ് ചെയ്തിരിക്കുന്നത്. വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിലും നൗഫൽ പാസ് പോർട്ട് എടുത്തതായി വീട്ടുകാർക്ക് അറിവില്ല. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമർത്ഥനായിരുന്ന നൗഫലിന്റെ തിരോധാനം ആർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല.