തിരുവനന്തപുരം: പുളിയറക്കോണത്തുള്ള മധുവനം ആശ്രമത്തിൽ 15 മുതൽ 40 വയസു വരെയുള്ള യുവാക്കൾക്കായി ഭാരതീയ സംസ്കാരത്തെയും ആദ്ധ്യാത്മികതയെയും കുറിച്ചുള്ള ഹേമന്ത ശിബിരം (വിന്റർ സ്ക്കൂൾ)
21 മുതൽ 29 വരെ നടത്തും. 21ന് രാവിലെ 9.30ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യും.
ഭാരതീയ നാടകവേദി, ഭാരതീയനൃത്തം, സംഗീതം ദേശിയും മാർഗിയും, നാട്യശാസ്ത്രം, ഭാരതീയ നീതിശാസ്ത്രം, ആസ്തികവും നാസ്തികവുമായ ഭാരതീയ ദർശനങ്ങൾ, ഭാരതീയ വാസ്തുശില്പകല, ജ്യോതിഷം, ലോകത്തിലെ മതങ്ങൾ, കൗടില്യന്റെ അർത്ഥശാസ്ത്രം, സൂഫിസം, അസീസിയിലെ സെയ്ന്റ് ഫ്രാൻസിസ്, ആവിലയിലെ സെന്റ് തെരേസായും സ്ത്രൈണ ആത്മീയതയും, ശ്രീരാമകൃഷ്ണ - വിവേകാനന്ദന്മാർ, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അരബിന്ദഘോഷ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പണ്ഡിതന്മാർ ക്ലാസെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ പങ്കെടുക്കുന്ന ക്യാമ്പിൽ പഠനവും താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 25ന് വൈകിട്ട് 5ന് മധുവനം ആശ്രമത്തിലെ ഗായക സംഘത്തിന്റെ ഇരുപത്തിമൂന്നാമത് ക്രിസ്മസ് സംഗീതസന്ധ്യ യാത്രികനും എഴുത്തുകാരനുമായ ഷൗക്കത്ത് കാരമട ക്രിസ്മസ് സ്നേഹ സന്ദേശം നൽകി ഉദ്ഘാടനം ചെയ്യും.
29ന് വൈകിട്ട് 3ന് ശിബിരത്തിന്റെ സമാപനച്ചടങ്ങ് നടക്കും. കൂടുതൽ വിവരങ്ങൾക്ക് fb.me/winterschoolmadhuvanam എന്ന ലിങ്ക് സന്ദർശിക്കുകയോ 9746261199/7012318970 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.