secretariate
secretariate

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ മുഖ്യ ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിന്റെ കണ്ണിലെ കരടായ പൊതുഭരണ, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് വീണ്ടും സ്ഥാനചലനം. അപ്രധാനമായ സൈനികക്ഷേമ, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പുകളിലേക്കാണ് മാറ്റി നിയമിച്ചത്.

സിൻഹ സെക്രട്ടേറിയറ്റിൽ നടത്തിയ പഞ്ചിംഗ് അടക്കമുള്ള പരിഷ്കരണ നടപടികൾക്കെതിരെ നേരത്തേ മുതൽ എംപ്ലോയീസ് അസോസിയേഷൻ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുടെയും ഒത്താശയോടെയാണ് സിൻഹയുടെ നടപടികളെന്ന വിമർശനവും ഉയർത്തി. ഇതിന് പുറമേ, പൊതുഭരണ വകുപ്പിൽ നിന്നു ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തേ സിൻഹയെ പൊതുഭരണവകുപ്പിൽ നിന്ന് അപ്രധാനമായ പാർലമെന്ററി കാര്യ വകുപ്പിലേക്ക് മാറ്റിയിരുന്നു. ഭരണപരിഷ്കരണ നടപടികളിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന സിൻഹയെ ഏതാനും മാസങ്ങൾക്ക് ശേഷം വീണ്ടും പൊതുഭരണവകുപ്പിൽ നിയമിച്ചു. അദ്ദേഹം പൂർവാധികം വാശിയോടെ പരിഷ്കരണനടപടികൾ തുടർന്നതോടെ അസോസിയേഷൻ നേതൃത്വം പരസ്യമായി ലഘുലേഖ ഇറക്കി. ഇപ്പോൾ വീണ്ടും സമാനമായ പരാതിയിലാണ് സ്ഥാനചലനമെന്ന് സൂചനയുണ്ട്. എന്നാൽ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതൃത്വം മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സമ്മർദ്ദം ചെലുത്തിയതാണെന്ന അവകാശവാദവുമുണ്ട്.

അതിനിടെ, ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ റസിഡന്റ് കമ്മിഷണറായി സിൻഹയെ മാറ്റിനിയമിക്കാനുള്ള നീക്കവുമുണ്ട്. ഇപ്പോഴത്തെ റസിഡന്റ് കമ്മിഷണർ പുനീത്കുമാറിന് പകരം നിയമനമാകാത്തതിനാലാണ് തീരുമാനം വൈകുന്നത്. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് പൊതുഭരണ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു. കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. രത്തൻ യു.ഖേൽക്കർക്ക് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി.