ചിറയിൻകീഴ്: മുരുക്കുംപുഴ ബേക്കറി ജംഗ്ഷനിൽ നിന്നും ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കാളകണ്ഠേശ്വരം ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ ഇനി രാത്രിയിലും ഭയക്കാതെ നടക്കാം. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അര കിലോമീറ്ററോളം ദൂരത്തിൽ പോസ്റ്റുകൾ സ്ഥാപിച്ച് ഇവിടെ തെരുവു വിളക്കുകൾ സജ്ജമാക്കി. തെരുവുവിളക്കുകളില്ലാത്തതിനാൽ രാത്രിയിൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നത് ക്ഷേത്രത്തിൽ പോകുന്നവർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇവിടെ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്നാണ് നടപടിയുണ്ടായത്. തെരുവുവിളക്കുകൾ സ്ഥാപിക്കാൻ മുൻകൈയെടുത്ത മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകത്തിനും വാർത്ത പ്രസിദ്ധീകരിച്ച കേരളകൗമുദിക്കും ക്ഷേത്ര പ്രസിഡന്റ് ധർമരാജൻ, സെക്രട്ടറി സുനിൽ എന്നിവർ നന്ദി അറിയിച്ചു.