കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ മെമ്പർമാർ ഉൾപ്പെടെയുള്ളവരുടെ അഴിമതി വിജിലൻസ് അന്വേഷിക്കുക, ഭവനനിർമാണ പദ്ധതിയിലെ ക്രമക്കേടുകൾ, ഗ്രാമിണ റോഡുകളുടെ ശോചനീയാവസ്ഥ, സാമൂഹിക പെൻഷൻ കിട്ടുന്നതിനുള്ള കാലതാമസം എന്നിവയിൽ പ്രതിഷേധിച്ചുകൊണ്ട് മണമ്പൂർ പഞ്ചായത്തിന് മുമ്പിൽ ബി.ജെ.പി ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് മണമ്പൂർ ദിലീപ് ധർണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കവലയൂർ പ്രദീപ് അദ്ധ്യക്ഷനായി. പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസും പ്രതിപക്ഷമായ സി.പി.എമ്മും രാഷ്ട്രീയത്തിൽ ഒത്തുകളിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും പഞ്ചായത്തിലെ എല്ലാ അഴിമതികളും സമൂഹത്തിന് മുൻപിൽ എത്തിച്ചുകൊണ്ട് ബി.ജെ.പി തുടങ്ങുന്ന പ്രക്ഷോഭത്തിന്റെ തുടക്കമാണ് ഇന്നത്തെ ധർണയെന്നും ഉദ്ഘാടന പ്രസംഗത്തിൽ ദിലീപ് പറഞ്ഞു. എൻ.എസ്. രവി, ഒറ്റൂർ മോഹൻദാസ്‌, വക്കം അജിത്‌, കെ .രതി, ഗോപാലകൃഷണൻ എന്നിവർ സംസാരിച്ചു.