തിരുവനന്തപുരം: പ്രാദേശിക ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള പരിശീലനച്ചുമതല തദ്ദേശ സ്ഥാപനങ്ങളെ ഏല്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പരിശീലന പ്രവർത്തനങ്ങൾക്കായി കേരള പുനർ നിർമ്മാണ പ്രവർത്തന ഫണ്ടിൽ നിന്ന് 7.3 കോടി രൂപ അനുവദിക്കും. ഗ്രാമതലത്തിൽ ഗ്രാമ പഞ്ചായത്തുകളും നഗരത്തിൽ നഗരസഭകളും പരിശീലനച്ചുമതല ഏറ്റെടുക്കും.
ദുരന്ത പ്രതികരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിന്നുള്ള 7.3 കോടി രൂപയാണ് 'നമ്മൾ, നമുക്കായി' എന്ന ജനകീയ കാമ്പെയ്നിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണ് ഇത് നടത്തുന്നത്. എന്നാൽ, വിദഗ്ദ്ധപരിശീലനം ഏത് തരത്തിൽ നൽകുമെന്നോ വിദഗ്ദ്ധപരിശീലനത്തിന്റെ ചുമതല ആര് നിർവഹിക്കുമെന്നോ വ്യക്തമാക്കുന്നില്ല.
നേരത്തേ പ്രാദേശികതലത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ റവന്യൂ വകുപ്പായിരുന്നു ഏകോപിപ്പിച്ചിരുന്നത്. ഇത് തദ്ദേശ സ്ഥാപന വകുപ്പിലേക്ക് മാറ്റണമെന്ന നിർദ്ദേശം ഉദ്യോഗസ്ഥതലത്തിൽ ഉയർന്നിരുന്നു. എന്നാൽ, സേനകൾ അടക്കം ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥർ നിർദ്ദേശിച്ചാലേ ഇത്തരം സംവിധാനങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി പോലും ഇറങ്ങൂവെന്ന വിമർശനമുയർന്നു. തുടർന്ന് രക്ഷാ പ്രവർത്തനത്തിന്റെ പൂർണ ചുമതല തദ്ദേശ സ്ഥാപനങ്ങളെ ഏല്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ലഭിക്കുന്ന ഫണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി (എസ്.ഡി.എം.എ)യാണ് കൈകാര്യം ചെയ്തിരുന്നത്.