rehna-fathima

തിരുവനന്തപുരം: ആചാരം ലംഘിച്ച് ശബരിമലയിൽ ദർശനം നടത്താൻ ഏതറ്റംവരെയും പോകാൻ കച്ചമുറുക്കി നിൽക്കുകയാണ് രഹ്നഫാത്തിമ. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ പ്രവേശിക്കാനെത്തി വിവാദങ്ങൾ സൃഷ്ടിച്ച ഇവർ വീണ്ടും വരാനൊരുങ്ങുകയാണ്. അതിനായി

പൊലീസ് സുരക്ഷാ വേണമെന്ന് കാട്ടി സുപ്രീം കോടതിയിൽ ഹർജിയും നൽകി കാത്തിരിക്കുകയാണ്. ശുഭപ്രതീക്ഷയാണുളളതെന്നും ഇക്കുറിയും ശബരിമലയിലേക്ക് പോകുമെന്നും രഹ്ന ഫാത്തിമ പറയുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഡെലിഗേറ്റായി എത്തിയ രഹ്ന 'ഫ്ളാഷിനോട്' പ്രതികരിക്കുന്നു.

#ആചാരം ലംഘിക്കുന്നത് ?

അനുകൂലമായ വിധി തന്നെയാണ് സുപ്രീം കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണയുണ്ടായ പ്രശ്നങ്ങൾ മുൻനിറുത്തിയാണ് പൊലീസ് സുരക്ഷാ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. മതപരമായ നിയമങ്ങൾക്ക് മുകളിലാണല്ലോ ഇന്ത്യയുടെ ഭരണ ഘടന. ആത്യന്തികമായ വിജയം നീതിക്ക് തന്നെയാകുമെന്ന് പരിപൂർണമായ വിശ്വാസമുണ്ട്.

#സർക്കാർ നയം?

ഇടതുപക്ഷം പറഞ്ഞ വയ്ക്കുന്നത് എല്ലാവർക്കും തുല്യത എന്നാണ്. സുപ്രീം കോടതി വിധി ഉണ്ടായിട്ടു പോലും സ്ത്രീകൾക്ക് സുരക്ഷഒരുക്കേണ്ട സർക്കാർ പോലും ഇപ്പോൾ മുഖം തിരിക്കുന്ന അവസ്ഥയിലെത്തി. ഇടതുപക്ഷത്തിൽ നിന്നും ഇങ്ങനെയൊരു നയംമാറ്റം പ്രതീക്ഷിച്ചിരുന്നില്ല.

#ആരാണ് പിന്നിലെ ശക്തി?

ദർശനം നടത്താൻ എത്തുന്ന യുവതികൾക്ക് പൊലീസ് സുരക്ഷാ ഒരുക്കുന്നു എന്നറിഞ്ഞിട്ടു തന്നെയാണ് പമ്പയിലെത്തിയത്. വരുന്നതിനു മുൻപ് തന്നെ എ.ഡി.ജി.പിക്കും ജില്ലാ കളക്ടർക്കും അറിയിപ്പ് നൽകിയിരുന്നു. ഇതിൻപ്രകാരം പമ്പ മുതൽ നടപ്പന്തൽ വരെ പൊലീസ് സംരക്ഷണം നൽകി. പിന്നീട് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പൊലീസ് തന്നോട് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അനുകൂല വിധി ഉണ്ടായാൽ സുരക്ഷാ പൊലീസ് ഒരുക്കും എന്ന് തന്നെയാണ് കരുതുന്നത്.

#എന്തുകൊണ്ടാണ് പേടിയില്ലാത്തത്?

സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി വളരെയധികം ആക്രമണങ്ങൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. നേരിട്ടുള്ള കൈയേറ്റ ശ്രമങ്ങളും വധഭീഷണികളുമുണ്ട്. ഒരു സ്ത്രീ എടുക്കുന്ന നിലപാടുകളെ ഇവർ എന്തുമാത്രം അസഹിഷ്ണുതയോടെ കാണുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ആക്രമണം. ശബരിമല വിഷയം വന്നപ്പോൾ ബി.എസ്.എൻ.എൽ സസ്‌പെന്റ് ചെയ്തു. അത് ഇതുവരെയും പിൻവലിച്ചിട്ടില്ല. മൂന്നുമാസം മുൻപ് പകുതി ശമ്പളം കിട്ടിയിരുന്നു. ഇപ്പോൾ അതും നിലച്ചു.

#ഈ ആവേശം തോറ്റടങ്ങില്ലേ?

എല്ലാ അവസരത്തിലും ഇത്തരത്തിലുള്ള അടിച്ചമർത്തലുകൾ നേരിടേണ്ടി വരാറുണ്ട്. സംസാരിക്കുന്നത് സ്ത്രീ ആണെങ്കിൽ അവൾ ഒറ്റപ്പെടും. ആക്ടിവിസ്റ്റ്, തീവ്ര വിപ്ലവകാരി എന്നിങ്ങനെ ഓരോ ലേബലുകൾ ഇത്തരക്കാർക്ക് ചാർത്തി കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്.ഒരു രഹ്ന ഫാത്തിമയെ
നിങ്ങൾക്ക് തോൽപ്പിക്കാൻ ശ്രമിക്കാം. പക്ഷേ എന്റെ സ്ഥാനത്ത് വേറെ ആയിരങ്ങൾ ഉയർന്നു വരാം.