sivagiri

ശിവഗിരി: 87-ാമത് ശിവഗിരി മഹാതീർത്ഥാടനം ഡിസംബർ 30 ന് രാവിലെ 10 ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്റി പിണറായി വിജയൻ മുഖ്യാതിഥിയാകും. കേന്ദ്രമന്ത്റി വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.

31ന് രാവിലെ തീർത്ഥാടക ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന തീർത്ഥാടക സമ്മേളനം കേന്ദ്രമന്ത്റി പ്രഹ്‌ളാദ് സിംഗ് പട്ടേൽ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി തീർത്ഥാടനത്തിലെ മദ്ധ്യരത്നം എന്നാണ് ഈ സമ്മേളനത്തെ വിശേഷിപ്പിക്കുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ജസ്റ്റിസ് കുര്യൻ ജോസഫ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എ.യൂസഫലി തുടങ്ങിയവർ സംബന്ധിക്കും.

ജനുവരി 1ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്റി ആർ.കെ.സിംഗ് ഉദ്ഘാടനം ചെയ്യും. തീർത്ഥാടനത്തിന്റെ മൂന്ന് ദിവസങ്ങളിൽ 12ഓളം സമ്മേളനങ്ങൾ ശിവഗിരിയിൽ നടക്കും. തീർത്ഥാടന ലക്ഷ്യങ്ങളായി ഗുരുദേവൻ നിർദ്ദേശിച്ച കൃഷി, വ്യവസായം, വാണിജ്യം, സംഘടന, ആരോഗ്യം, വിദ്യാഭ്യാസം ശുചിത്വം, ഈശ്വരഭക്തി തുടങ്ങിയ എട്ട് വിഷയങ്ങൾ പ്രധാനമായും ചർച്ച ചെയ്യപ്പെടും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ സമ്മേളനങ്ങളിൽ പങ്കെടുക്കും.