medical

തിരുവനന്തപുരം : രോഗബാധിതർക്ക് ആശ്വാസ,​ പരിചരണങ്ങൾ നൽകുന്ന പുതിയ സാന്ത്വന പരിചരണ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിലുള്ള സ്വകാര്യ സംവിധാനങ്ങളെക്കൂടി പങ്കെടുപ്പിച്ചാണ് ആരോഗ്യവകുപ്പിനു കീഴിലുള്ള 'അരികെ' പദ്ധതി.

നിലവിൽ വിവിധ സന്നദ്ധ സംഘടനകൾ പാലിയേറ്റീവ് കെയർ രംഗത്ത് സജീവമാണെങ്കിലും പ്രവർത്തനം പല തരത്തിലാണ്. 'അരികെ' പദ്ധതി വരുന്നതോടെ ഇവ കേന്ദ്രീകൃത സംവിധാനത്തിനു കീഴിലാക്കുന്ന

പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിക്കുകയാണ് നയത്തിലെ പ്രധാന നിർദേശം.

വീട്ടിലെത്തി സാന്ത്വന ചികിത്സ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് സംസ്ഥാന തലത്തിൽ രജിസ്‌ട്രേഷനും പരിശീലനവും നൽകും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും പുതുതായി ആയിരത്തോളം സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. എല്ലാ മെഡിക്കൽ കോളേജുകളിലും കമ്മ്യൂണിറ്റി മെഡിസിന്റെ ഭാഗമായി വിദഗ്‌ദ്ധ സാന്ത്വന പരിചരണ കേന്ദ്രങ്ങൾ തുറക്കും. അലോപ്പതി വിഭാഗത്തിനൊപ്പം ആയുഷ് വിഭാഗത്തിലേക്കും സാന്ത്വനപരിചരണം വ്യാപിപ്പിക്കുന്നതാണ് പുതിയ നയം.

മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ നയം പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ എൽ സരിത, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീബി, ഡോ. മാത്യൂസ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

സാന്ത്വനമേകാൻ പരിശീലനം

 കെയർ ഹോമുകളിലെയും പകൽ വീടുകളിലെയും പരിചാരകർക്ക് സൗജന്യ പരിശീലനം.

 പുനരധിവാസം ആവശ്യമായി വരുന്നവർക്ക് സ്വയം തൊഴിൽ പരിശീലനം

 ഇവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് പ്രത്യേക ബ്രാൻഡ്

 ദീർഘകാലം രോഗാവസ്ഥയിലുള്ളവർക്ക് വിവിധ വകുപ്പുകളുടെ പദ്ധതികൾ ലഭ്യാക്കും.