പാലോട്: വിധിക്ക് മുന്നിൽ തോൽക്കാതിരിക്കാൻ സുമനസുകളുടെ സഹായം തേടുകയാണ് പെരിങ്ങമ്മല സാബുഭവനിൽ സജിയും കുടുംബവും. 4 വർഷം മുൻപ് തെങ്ങിൽ നിന്നും വീണ് ശരീരമാകെ തളർന്നു കിടപ്പിലായ സജിയെ തേടി കുടൽരോഗം കൂടിയെത്തിയപ്പോൾ പകച്ചുനിൽക്കാൻ മാത്രമേ ഭാര്യക്കും മകൾക്കും കഴിയുന്നുള്ളൂ. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള ഈ കുടുംബത്തിന്റെ ഏക ആശ്രയം തെങ്ങ് കയറ്റക്കാരനായ സാബുവായിരുന്നു. ചികിത്സക്കും മറ്റും വലിയ തുക ആവശ്യമായി വന്നപ്പോൾ സഹായിച്ചത് നാട്ടുകാരും ബന്ധുക്കളുമൊക്കെയാണ്. ഇപ്പോൾ വൻകുടലിൽ ഏകദേശം 3ലക്ഷം രൂപയോളം ചെലവുവരുന്ന അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥയിലാണ് സാബു. ഇത്ര വലിയ തുക കണ്ടെത്താൻ യാതൊരു നിർവാഹവുമില്ലാത്ത സാഹചര്യത്തിലാണ് ഈ കുടുംബം. പരസഹായം ഇല്ലാതെ ഒന്നും ചെയ്യാനാവാത്ത സാബുവിനെ തനിച്ചാക്കി ജോലിക്ക് പോകാൻ പോലും പറ്റാത്ത സ്ഥിതിയിലാണ് ഭാര്യ സൗമ്യ. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഒരു മകളാണ് ഇവർക്കുള്ളത്. ജീവിതത്തോട് മല്ലിടുന്ന തങ്ങളെ സഹായിക്കാൻ സുമനസുകളുടെ സഹായമെത്തുമെന്ന പ്രതീക്ഷയിലാണിവർ. സജിയുടെ പേരിൽ ബാങ്ക് ഒഫ് ഇന്ത്യ പെരിങ്ങമ്മല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
നമ്പർ: 852310110007452. ഐ.എഫ്.എസ്.സി കോഡ് : BK100008523