വ്യത്യസ്ത പ്രമേയ പരിസരങ്ങൾ കൊണ്ടും ചർച്ചചെയ്യുന്ന സവിശേഷമായ രാഷ്ട്രീയം കൊണ്ടും പ്രസക്തമായ പതിന്നാല് സിനിമകളാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചത്. മേള അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രതിനിധികളുടെ ചർച്ച ഇക്കൂട്ടത്തിൽ ഏതൊക്കെ സിനിമകൾ മേളയുടെ സിനിമകളായി തിരഞ്ഞെടുക്കപ്പെടുമെന്നതാണ്. മത്സരവിഭാഗം ചിത്രങ്ങളെല്ലാം രണ്ടുവട്ടം പ്രദർശനം പൂർത്തിയാക്കിക്കഴിഞ്ഞു.
ലബനനിലെ ഹിസ്ബുല്ല - ഇസ്രായേൽ യുദ്ധ പശ്ചാത്തലത്തിൽ തോക്കിൻകുഴലിനു മുന്നിലെ മനുഷ്യന്റെ അതിജീവനകഥ പറയുന്ന അഹമ്മദ് ഗൊസൈന്റെ ലെബനീസ് ചിത്രം ആൾ ദിസ് വിക്ടറി, ആഫ്രിക്കൻ റിപ്പബ്ലിക്കുകളിലെ ആഭ്യന്തര കലാപത്തിനിടയിൽ വനിതാ ഫോട്ടോഗ്രാഫറുടെ കാമറാക്കണ്ണുകളിലൂടെ കലാപ ഭൂമികയെ അടയാളപ്പെടുത്തുന്ന ബോറിസ് ലോജ്കിന്റെ ഫ്രഞ്ച് ചിത്രം കാമിൽ, ഗ്വാട്ടിമാലയിലെ ആഭ്യന്തര കലാപത്തിനു ശേഷമുള്ള വിചാരണയും ഇരകളുടെ നേരനുഭവങ്ങളും വിഷയമാകുന്ന അവർ മദേഴ്സ്, അറവുകാരനിൽ നിന്ന് രക്ഷപ്പെട്ടോടുന്ന പോത്തിന്റെ പിന്നാലെയുള്ള ഓട്ടത്തിനിടയിൽ പുറത്തുവരുന്ന മനുഷ്യന്റെ ഹിംസാത്മകതയും ആദിമ ചോദനകളും പ്രമേയമാകുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലയാള ചിത്രം ജല്ലിക്കട്ട്, എലിസോ എന്ന സിനിമാ ഓപ്പറേറ്റർ സിനിമാ റീലിലെ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതിലൂടെ മനുഷ്യബന്ധത്തിന്റെ ദൃഢതയെ ഓർമ്മപ്പെടുത്തുന്ന ജോസ മരിയ കബ്രാലിന്റെ ദി പ്രൊജക്ഷനിസ്റ്റ് എന്നീ ചിത്രങ്ങൾ മത്സരവിഭാഗത്തിൽ മുൻപന്തിയിലുണ്ട്. ചലച്ചിത്ര ഭാഷയിലെ ആഗോള മുഖവും ആഖ്യാനത്തിലെ മികവും കൊണ്ട് മേളയുടെ അംഗീകാരം നേടാനുള്ള സാധ്യതയും ഇൗ ചിത്രങ്ങൾക്കാണ്.
മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഹിന്ദി ചിത്രം 'ആനി മാനി'യാണ് ഈ വിഭാഗത്തിൽ പ്രസക്തമായ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന ചിത്രം. ബീഫ് ഒരു രാഷ്ട്രീയ വിഷയമായ ഇന്ത്യയിലെ വർത്തമാന കാലത്തെയാണ് ഫർഹാൻ ഇർഷാദ് 'ആനി മാനി'യിലൂടെ അവതരിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ മുസ്ലിം കുടുംബാംഗമായ ഭൂട്ടോ ഇറച്ചിക്കച്ചവടക്കാരനാണ്. രാജ്യത്ത് ബീഫ് നിരോധനം വന്നതോടെ അയാളുടെ ജീവിതമാർഗവും സന്തോഷവും നഷ്ടമാകുന്നു. ബീഫ് കൈയിൽ വച്ചെന്ന ചെയ്യാത്ത തെറ്റിന് ഭൂട്ടോ അറസ്റ്റിലാകുന്നതോടെ കുടുംബം വേട്ടയാടപ്പെടുന്നു. മതത്തെക്കാൾ വലുത് മനുഷ്യനാണെന്ന ഉദാത്ത സന്ദേശം മുന്നോട്ടുവയ്ക്കുന്ന ഈ സിനിമ സമകാലിക ഇന്ത്യൻ യാഥാർത്ഥ്യത്തിലേക്ക് തുറന്നുവച്ച കണ്ണാടിയാണ്.
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള രജതമയൂരം നേടിക്കൊടുത്ത ജല്ലിക്കട്ട് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിൽ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആഖ്യാനത്തിലെയും വിഷയത്തിലെയും വ്യത്യസ്തത കൊണ്ട് ലിജോ ചിത്രം അംഗീകാരം നേടിയെടുക്കാനും ഇടയുണ്ട്. കൃഷന്ദ് ആർ.കെയുടെ വൃത്താകൃതിയിലുള്ള ചതുരമാണ് മലയാളത്തെ പ്രതിനിധീകരിച്ച് മത്സര വിഭാഗത്തിലുള്ള മറ്റൊരു ചിത്രം.