നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കാനെത്തിയതിനിടെ പൊലീസിന്റെ പിടിയിലായ യുവാവ് സിനിമാ സ്റ്റൈലിൽ വിലങ്ങുമായി രക്ഷപ്പെട്ടു. മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. എറണാകുളം ഏലൂർ പാതാളം കച്ചേരിപ്പറമ്പ് സ്വദേശി ഗോകുലാണ് (21) പിടിയിലായത്.
സംഭവം ഇങ്ങനെ: ഇന്നലെ രാവിലെ പത്തരയോടെ വലിയ ബാഗ് നിറയെ കഞ്ചാവുമായി ഊരൂട്ടുകാല സ്‌കൂളിന് സമീപം മൊബൈൽ ഫോണിൽ വിളിച്ച് സംസാരിച്ച് നിന്നിരുന്ന ഗോകുലിനെ നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്‌തു. തുടർന്ന് തടഞ്ഞുവച്ച ശേഷം നെയ്യാറ്റിൻകര പൊലീസിനെ അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ബാഗിൽ കഞ്ചാവ് കണ്ടെത്തിയത്. നാലര കിലോയുണ്ടായിരുന്ന കഞ്ചാവ് പുറത്തെടുത്തതോടെ യുവാവ് അക്രമാസക്തനായി.
തുടർന്ന് ഗോകുലിനെ വിലങ്ങു വച്ച് ജീപ്പിൽ ഒറ്റയ്‌ക്കിരുത്തിയ ശേഷം പൊലീസ് കഞ്ചാവ് പരിശോധിച്ചു. ഇതിനിടെ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. വീണ്ടും ജീപ്പിലിരുത്തിയ ശേഷം പൊലീസ് കഞ്ചാവ് പരിശോധന തുടർന്നു. പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ജീപ്പിൽ നിന്ന് പുറത്തേക്കിറങ്ങിയ പ്രതി സമീപത്തെ മതിൽ ചാടിക്കടന്ന് മിന്നൽ വേഗതയിൽ ഇടവഴികളിലൂടെ ഓടി രക്ഷപ്പെട്ടു.
നാട്ടുകാരിൽ ചിലരും പൊലീസും പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇയാൾ ആലുമ്മൂട് ജംഗ്ഷന് സമീപമെത്തിയ ശേഷം തിരിച്ച് ഊരൂട്ടുകാല വയൽക്കരയിലേക്ക് ഓടി. നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ വയൽക്കരയിൽ നിന്നാണ് ഗോകുലിനെ പിടികൂടിയത്.
എറണാകുളത്തെ മൊത്ത വിതരണ കേന്ദ്രത്തിൽ നിന്ന് നെയ്യാറ്റിൻകര താലൂക്കിലെ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങൾക്ക് കഞ്ചാവ് കൈമാറാനാണ് ഇയാളെത്തിയത്. നെയ്യാറ്റിൻകര സി.ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.