തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് കൃഷി, മത്സ്യബന്ധനം വകുപ്പുകളുടെ 186 കോടിയുടെ പദ്ധതികൾക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. പുറമേ തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ വിവിധ പാലങ്ങളുടെയും തൂക്കുപാലങ്ങളുടെയും പുനർനിർമ്മാണവും റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തും. ഇതിനുള്ള കൃത്യമായ തുക പറഞ്ഞിട്ടില്ല.
കൃഷിവകുപ്പിന്റെ 182.76 കോടി രൂപയുടെ 12 പദ്ധതികളാണ് അംഗീകരിച്ചത്. മത്സ്യബന്ധന വകുപ്പിന്റെ പദ്ധതികൾക്ക് 3.03 കോടിയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പ്രാദേശിക ഭൂപടം തയ്യാറാക്കാൻ ഐ.ടി മിഷന്റെ സഹകരണത്തോടെ മാപ്പത്തോൺ കേരളം പദ്ധതി നടപ്പാക്കും.
റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഉന്നതാധികാരസമിതി അംഗീകരിച്ച നിർദ്ദേശങ്ങൾ ലോകബാങ്കിന്റെ വികസനവായ്പ ഉപയോഗിച്ചാണ് നടപ്പാക്കുക. സാമ്പത്തിക പ്രതിസന്ധി കാരണം ലോകബാങ്ക് സഹായം ശമ്പളത്തിന് വകമാറ്റിയെന്ന ആരോപണത്തിന്, പുനർനിർമ്മാണ പദ്ധതികളെ ഇത് ബാധിക്കില്ലെന്നും ആവശ്യമായ സമയത്ത് പണം ലഭ്യമാക്കുമെന്നും നേരത്തെ ധനമന്ത്രി വിശദീകരിച്ചിരുന്നു.
പ്രളയത്തിൽ തകർന്ന മത്സ്യബന്ധന സൗകര്യങ്ങൾ പുനർനിർമ്മിക്കാൻ രണ്ടു കോടി രൂപയാണ് ചെലവിടുക. ശുദ്ധജല അലങ്കാര മത്സ്യം വളർത്തൽ പ്രോത്സാഹിപ്പിക്കാൻ ബ്രൂഡ് ബാങ്കിന് 98 ലക്ഷവും അക്വേറിയം ഫാബ്രിക്കേഷൻ യൂണിറ്റിന് നാലു ലക്ഷവും അനുവദിച്ചു. അക്വാട്ടിക് പ്ലാന്റ് പ്രൊഡക്ഷൻ യൂണിറ്റിന് 1.85 ലക്ഷം രൂപയാണ് ലഭിക്കുക.
കുട്ടനാടിന് സുസ്ഥിര
വികസന പദ്ധതി
സംയോജിത കൃഷിയിലൂടെ ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കൽ. ഇടുക്കി, വയനാട് ജില്ലകൾക്ക് പ്രത്യേക ഊന്നൽ: 50 കോടി
അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക വികസന പദ്ധതി: 7.92 കോടി
അട്ടപ്പാടിക്ക് സമഗ്ര കൃഷി വികസന പദ്ധതി: 7.99 കോടി
പഴം, പച്ചക്കറി വിപണന ശൃംഖല ശക്തിപ്പെടുത്തൽ :15 കോടി
തോട്ടക്കൃഷിക്കും പുഷ്പകൃഷിക്കും മികവിന്റെ കേന്ദ്രം: 4 കോടി.
കുട്ടനാട്ടിൽ നെൽകൃഷിയുടെ സുസ്ഥിരവികസനത്തിന് ആവാസ വ്യവസ്ഥ: 2.91 കോടി.
യന്ത്രവൽകൃത കൃഷിയിലൂടെ വടക്കൻ കേരളത്തിൽ ഓർഗാനിക് കൃഷി, ജൈവ വൈവിധ്യ കൃഷി എന്നിവ വികസിപ്പിക്കൽ: 3 കോടി.
ചെങ്ങന്നൂർ സമൃദ്ധി തരിശുരഹിത മണ്ഡലം പദ്ധതി: 10 കോടി
മുണ്ടേരിയിലും മറ്റ് കൃഷി ഭവനങ്ങളിലും ഡിപ്പാർട്ട്മെന്റ് ഫാം പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതി: 6 കോടി.
പ്രളയബാധിത ജില്ലകളിൽ മണ്ണ് സംരക്ഷണം: 60.94 കോടി.
നേര്യമംഗലത്ത് സംയോജിത ഫാം മാനേജ്മെന്റ് :10 കോടി.
കാർഷിക കർമസേനകളും കാർഷിക സേവന കേന്ദ്രങ്ങളും ശക്തിപ്പെടുത്തൽ: 5 കോടി.