ബാലരാമപുരം: രാജ്യത്ത് മുമ്പൊരിക്കലും കാണാത്ത രീതിയിലുള്ള സ്ത്രീപീഡനങ്ങളാണ് അടുത്തകാലത്ത് പരമ്പരപോലെ നടക്കുന്നതെന്നും ബാലികമാരെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റുകയോ ആജീവനാന്തകാലം ജയിലിലടക്കുകയോ ചെയ്യണമെന്നും ചന്ദ്രപ്രഭ സീനിയർ സിറ്റിസൺസ് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്ത്രീപീഡനവും പൈശാചിക കൊലപാതകങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ച ചെയർമാൻ വി.കെ.കെ നായർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം ഭേദഗതി ചെയ്യണമെന്നും സ്ത്രീപീഡനക്കേസുകൾ അതിവേഗ കോടതിയിൽ തീർപ്പാക്കണമെന്നും പഞ്ചായത്ത് വാർഡ് തലത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് ബോധവത്കരണം നടത്തണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. പ്രസിഡന്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.രവീന്ദ്രൻ,​ മാങ്കിളി ശിവൻ,​ കെ.സി പ്രസാദ്,​ പി.രാമചന്ദ്രൻ,​ പി.ജി.പത്മജൻ,​ പി.രാജേന്ദ്ര പണിക്കർ എന്നിവർ സംസാരിച്ചു.