iffk-2

തിരുവനന്തപുരം: സിനിമയുടെ പേരു പോലെ അത് മനസിനെ ആഴങ്ങളിൽ സ്പർശിച്ചപ്പോൾ തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് ശാന്തൻ കടലാസെടുത്ത് എഴുതിത്തുടങ്ങി. ഡീപ് വെല്ലിന്റെ (ആഴക്കിണർ)​ പ്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ കസാക്കിസ്ഥാൻ സംവിധായകൻ ജാനബിക് ജെറ്റിറുവോഫിനെ തേടിപ്പിടിച്ച് കവിത കൈമാറി.

സിനിമ കണ്ട് അനുമോദിക്കാനും അഭിമുഖത്തിനും എത്തുന്നവരെ മാത്രം പരിചയിച്ചിട്ടുള്ള ജെറ്റിറുവോഫിന് 'സിനിമാക്കവിത' കണ്ട് അതിശയം. കവി തന്നെ അതു ചൊല്ലിക്കേൾക്കണമെന്നായി സംവിധായകൻ. രണ്ടു കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ശാന്തൻ അത് ഗംഭീരമായി ചൊല്ലുക മാത്രമല്ല,​ അർത്ഥവും പറഞ്ഞുകൊടുത്തു. വെള്ളം വിൽക്കാനുള്ളതല്ല,​ കരുണയോടെ ദാനം ചെയ്യാനുള്ളതാണെന്ന സന്ദേശം നൽകുന്ന ഡീപ് വെൽ അവസാനിക്കുന്നത് പ്രകൃതിയെ ചൂഷണം ചെയ്താൽ അത് ശക്തമായി പ്രതികരിക്കുമെന്ന വെളിപാടോടെയാണ്

കസാക്കിസ്ഥാനിലെ മുൻനിര എഴുത്തുകാരനായ അംബീഷ് കെക്കിൽ ബൈയേവ് 1960 ൽ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ജെറ്റിറുവോഫ് ഡീപ്പ്‌വെൽ ഒരുക്കിയത്. അദ്ധ്യാപകൻ കൂടിയായ ജെറ്റിറുവോഫിന്റെ നാലാമത്തെ ഫീച്ചർ ഫിലിം. ഇവിടത്തെ ചലച്ചിത്രോത്സവം ഏറെ വ്യത്യസ്തമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഡീപ്പ്‌വെൽ നാലു ലക്ഷം ഡോളറിലാണ് നിർമ്മിച്ചത്. സർക്കാർ സഹായം ലഭിച്ചിരുന്നു. മറ്റൊന്നു കൂടി അദ്ദേഹം പറഞ്ഞു- തന്റെ നാട്ടിൽ ജനം കാണുന്നതിൽ 80 ശതമാനവും ബോളിവുഡ് ചിത്രങ്ങളാണ്.

‌ആഴക്കിണർ

(കവിതയുടെ ആദ്യവരികൾ)​

ഭൂമിയിൽ കിടന്ന് ചെവി മണ്ണിൽ വച്ചു-

ആഴത്തിൽ ജലശബ്ദമുണ്ടോ?​

മരങ്ങളോടു ചോദിച്ചു

വേരുകളെങ്ങാൻ നനവു തൊട്ടോ?​

സൂര്യനോടു ചോദിച്ചു

കിരണമെങ്ങാൻ ഈർപ്പമേറ്റോ?​

മേഘങ്ങളോടു ചോദിച്ചു

മഴയായ് ഭൂമിയിലാഴ്ന്നപ്പോൾ

ഒഴുക്കു കണ്ടോ?​

ഉറങ്ങി ഉണർന്നവരോടു ചോദിച്ചു

സ്വപ്നത്തിലെങ്ങാൻ നനവു കണ്ടോ?​

മനസിൽ പാതാളക്കരണ്ടിയിട്ടു നോക്കി

ഭൂമിയുടെ നനഹൃദയത്തെ...