തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ പി.സുരേഷിന് ചീഫ് സെക്രട്ടറിയുടെ പദവിയും ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോൾ അഡിഷണൽ ചീഫ്സെക്രട്ടറിയുടെ പദവിയുണ്ട്.
കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണലായി വിരമിച്ചയാളാണ് സുരേഷ്. മുൻ ചീഫ്സെക്രട്ടറി നീല ഗംഗാധരൻ കമ്മിഷൻ അദ്ധ്യക്ഷയായിരിക്കെ ചീഫ് സെക്രട്ടറിയുടെ പദവി നൽകിയിരുന്നു. തുല്യമായ പദവിയാണ് സുരേഷിനും അനുവദിച്ചിരിക്കുന്നത്. ശമ്പളത്തിൽ നിന്ന് പെൻഷൻ ആനുകൂല്യം കഴിച്ച ശേഷമുള്ള തുക നൽകുന്നത് ഉൾപ്പെടെയുള്ള പുനർനിയമന വ്യവസ്ഥകൾ വ്യക്തമാക്കുന്ന കേരള സർവീസ് ചട്ടങ്ങളിലെ ഭാഗം 3 ചട്ടം 100 അനുസരിച്ചുള്ള തുക അദ്ദേഹത്തിന് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് കൈതമുക്കിൽ പട്ടിണി കിടന്ന കുട്ടികൾ മണ്ണ് വാരിത്തിന്നുവെന്ന വാർത്തയെ ചൊല്ലിയുണ്ടായ വിവാദത്തിൽ ശിശുക്ഷേമ സമിതി ജനറൽസെക്രട്ടറി എസ്.പി. ദീപകിന് സ്ഥാനത്യാഗം ചെയ്യേണ്ടി വന്ന ദിവസം തന്നെ കുട്ടികൾ പട്ടിണി കൊണ്ട് മണ്ണ് തിന്നില്ലെന്ന് വ്യക്തമാക്കിയ ബാലാവകാശകമ്മിഷൻ ചെയർമാന് ചീഫ്സെക്രട്ടറി പദവി കിട്ടിയെന്നതാണ് ശ്രദ്ധേയം.