driver-vivinraj

കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ കുഴിത്തുറയിൽ മിനി ബസിടിച്ച് കാൽനടയാത്രികരായ ഒൻപത് കോളേജ് വിദ്യാർത്ഥികൾക്കും ഒരു അദ്ധ്യാപികയ്ക്കും പരിക്ക്. സംഭവത്തിൽ പളുകൽ, ഇഞ്ചവിളക്കോണം സ്വദേശി, ഓടലിവിളവിള വീട്ടിൽ വിബിൻരാജിനെ (25) പൊലീസ് അറസ്റ്റ് ചെയ്യ്തു. നെയ്യാറ്റിൻകര സായിഭവൻ സ്വദേശി ബിജുകുമാറിന്റെ ഭാര്യ അദ്ധ്യാപികയായ പ്രേമ (37), കുഴിത്തുറ ദേവികുമാരി കോളേജിലെ വിദ്യാർത്ഥികളായ സുചിത്ര, സുചിത്ര (19), മേക്കോട് സ്വദേശി അജിത്കുമാറിന്റെ മകൾ വൈഷ്ണവി (19), അർച്ചന (19), ഗോഡ്സിയ(19), ജയലക്ഷ്മി(19), രേജിലാ(19), അജിഷാ, നിഷാ, ജോൺ ബെനീറ്റാ മേരി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30 ഓടെ കുഴിത്തുറ ബറോഡ ബാങ്കിന് മുന്നിലായിരുന്നു അപകടം. കുഴിത്തുറ പഴയപാലത്തിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് വരവേ അമിത വേഗതയിലെത്തിയ മിനി ബസ് ഇവരെ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിനരികിൽ നിർത്തിയിട്ടിരുന്ന ഒരു ആട്ടോയിലും ബൈക്കിലും ഇടിച്ചാണ് നിന്നത്. നിലവിളികേട്ടെത്തിയ നാട്ടുകാർ പരിക്കേറ്റവരെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ സുചിത്രയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിന്റെ പെർമിറ്റ്‌ കുഴിത്തുറ -മേൽപ്പുറമാണ് എന്നാൽ ബസ് അനധികൃതമായാണ് ഇതു വഴി വന്നതെന്നാണ് വിവരം. ഓടി രെക്ഷപെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി നാട്ടുകാർ കളിയിക്കാവിള പൊലീസിനെ ഏൽപ്പിച്ചു.