photo

പാലോട് : സംസ്ഥാന യുവജനക്ഷേമ ബോർഡുമായി ചേർന്ന് ജില്ലാപഞ്ചായത്ത് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നാളെ മുതൽ 16 വരെ പാലോട് നടക്കും. ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്കുതല കേരളോത്സവങ്ങളിൽ വിജയികളായ മൂവായിരത്തോളം കലാ - കായിക പ്രതിഭകൾ ജില്ലാ കേരളോത്സവത്തിൽ പങ്കെടുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു. അത്‌ലറ്റിക് മത്സരങ്ങൾ നാളെ കാര്യവട്ടത്ത് മേയർ കെ. ശ്രീകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ശനിയാഴ്ച രാവിലെ 10 ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പാലോട് ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങൾ പെരിങ്ങമ്മല ഇക്ബാൽ കോളേജ് ഗ്രൗണ്ട്, പാലോട് സിറ്റി സെന്റർ, പുലിയൂർ പച്ച ഇൻഡോർ സ്റ്റേഡിയം, പാലോട് മേള ഗ്രൗണ്ട്, ഞാറനീലി അംബേദ്കർ വിദ്യാലയ അങ്കണം, പാലോട് പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കും. നീന്തൽ മത്സരങ്ങൾ പച്ച അക്വാട്ടിക് സ്റ്റേഡിയത്തിലും, പഞ്ചഗുസ്തി പാലോട് വേദി ഗ്രന്ഥശാലയിലും, ആർച്ചറി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. കലാ മത്സരങ്ങൾ പാലോട് മേള ഗ്രൗണ്ടിലെ പ്രധാന സ്റ്റേഡിയം, ബി.ആർ.സി പേരക്കുഴി, പാലോട് എൽ.പി.എസ്, എ.എ ഓഡിറ്റോറിയം, പാലോട് സഹകരണ ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി, ഡി.കെ. മുരളി എം.എൽ.എ എന്നിവർ സമ്മാനദാനം നിർവഹിക്കും. സമാപന സമ്മേളനത്തിന് മുന്നോടിയായി കുടുംബശ്രീ അംഗങ്ങളും വിവിധ കലാകായിക സംഘടനകളും അണിനിരക്കുന്ന വർണാഭമായ ഘോഷയാത്ര പാലോട് ആശുപത്രി ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. ജില്ലാപഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ്, ജില്ലാപഞ്ചായത്ത് അംഗം വി.വിജുമോഹൻ, ജില്ലാ കേരളോത്സവം ജനറൽ കൺവീനറും ജില്ലാ യൂത്ത് കോ ഓർഡിനേറ്ററുമായ എ.എം. അൻസാരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.