വെഞ്ഞാറമൂട്: മാലിന്യമുക്തമായി തടസമില്ലാതെ ഒഴുകാൻ തയ്യാറെടുക്കുകയാണ് വാമനപുരം നദി. പൊതുജനപങ്കാളിത്തത്തോടെ വാമനപുരം നദിയെയും അതിന്റെ കൈവഴികളെയും മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. ജില്ലയിലെ ഏറ്റവും കൂടുതൽ കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്ന വാമനപുരം നദിയുടെ നീരൊഴുക്ക് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് ഹരിത കേരളം മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്നത്. ഇതിനായി പഞ്ചായത്ത്, വാർഡ്, സൂക്ഷ്മ നിരീക്ഷണ സമിതി എന്നിങ്ങനെ സമിതികളും രൂപീകരിച്ചു .പെരിങ്ങമ്മല, പാങ്ങോട്, നന്ദിയോട് പഞ്ചായത്ത് പ്രദേശങ്ങളിലൂടെ ഒഴുകുന്ന വാമനപുരം നദിയിൽ സന്ധിക്കുന്ന പോഷക നദികളുടെ ശുചീകരണ പ്രവർത്തനത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും അൻപത് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ കൂടി ഉൾപ്പെടുത്തി ആകെ എഴുകോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മലിനീകരണം ശക്തമായി തടയാൻ പ്രദേശവാസികളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി വിവിധ തരത്തിലുള്ള ജനജാഗ്രതാ സമിതികൾ രൂപീകരിച്ചു കഴിഞ്ഞു. നാഷണൽ സർവീസ് സ്കീമിന്റെ സഹകരണവും ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഉറപ്പാക്കിക്കഴിഞ്ഞു. നന്ദിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചു കിലോമീറ്റർ വരുന്ന തോട്ടപ്പുറം - പനവത്തൂർ - പച്ച തോട് ഇതിനകം ശുചീകരിച്ച് ജൈവവേലി വച്ചുപിടിപ്പിച്ചു. പൊൻമുടിയിലെ ചെല്ലഞ്ചി മുട്ടിൽ നിന്നും ഉത്ഭവിക്കുന്ന വാമനപുരം നദി ഏഴുപഞ്ചായത്തുകളിലൂടെ എൺപത്തിയെട്ട് കിലോമീറ്റർ ഒഴുകിയാണ് അഞ്ചുതെങ്ങ് കായലിൽ പതിക്കുന്നത്. ഇതിൽ നല്ലൊരു പങ്ക് വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ്.
ആകെ 7 കോടി രൂപയുടെ പദ്ധതി
ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ
നടപ്പിലാക്കുന്ന പദ്ധതികൾ
നദിയോട് ചേർന്ന് ഫലവൃക്ഷങ്ങളും, മുള, ഈറ മുതലായവയും നട്ടുപിടിപ്പിക്കും
നദിയോര കൈയേറ്റങ്ങൾ ഒഴിപ്പിക്കും
ജൈവവേലി വച്ച് പിടിപ്പിക്കും
നദിയിലെ പ്രധാന പാലങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കും
സി.സി.ടിവി കാമറകൾ സ്ഥാപിക്കും
പ്രതികരണം
പൂർണമായും ജനപങ്കാളിത്തത്തോടെ മാത്രമേ പദ്ധതി നടപ്പിലാക്കാൻ കഴിയൂ. സ്കൂളുകളിൽ വാമനപുരം നദിയുടെ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററി, നദിയുടെ സംരക്ഷണത്തെക്കുറിച്ച് സെമിനാറുകൾ, ചിത്രരചന, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
പി.കെ.ചന്ദ്രൻ
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്