തിരുവനന്തപുരം: മണ്ണ് തിന്നുന്ന കേരളം എന്നവിധത്തിൽ പിണറായി സർക്കാരിന് അപഖ്യാതി സൃഷ്ടിച്ച വിവാദത്തിൽ ശിശുക്ഷേമ സമിതി ജനറൽസെക്രട്ടറി എസ്.പി. ദീപക് സ്ഥാനം രാജിവച്ചു.
സർക്കാരിന് നാണക്കേടുണ്ടാക്കിയ വിവാദത്തിൽ സമിതി ജനറൽസെക്രട്ടറിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചിരുന്നു. ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ദീപകിനോട് വിശദീകരണം തേടാൻ സംസ്ഥാനസെക്രട്ടേറിയറ്റ് ജില്ലാ നേതൃത്വത്തോട് നിർദ്ദേശിച്ചത്. രാജിയിലേക്ക് നീങ്ങേണ്ടിവരുമെന്ന സൂചന പാർട്ടി നേതൃത്വം നൽകിയിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ദീപക് രാജിക്കത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിക്ക് കൈമാറിയത്. സമിതി അദ്ധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി ഓഫീസിലില്ലായിരുന്നു. വീഴ്ച ഏറ്റുപറഞ്ഞ് തന്നെ പിന്നീട് അദ്ദേഹം പുറത്ത് മാദ്ധ്യമങ്ങളെ കണ്ട് രാജി വിവരം അറിയിക്കുകയായിരുന്നു.
ശിശുക്ഷേമ സമിതി കാര്യ ഗൗരവത്തോടെ വിഷയത്തെ കൈകാര്യം ചെയ്തില്ലെന്ന വികാരമാണ് സി.പി.എം നേതൃത്വത്തിനുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിൽ നീരസമറിയിച്ചു. രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ദീപക് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടപ്പോൾ അതൃപ്തി മുഖ്യമന്ത്രി പ്രകടിപ്പിച്ചതായാണ് വിവരം.
റെയിൽവേ പുറമ്പോക്ക് ഭൂമിയിൽ താമസിച്ച കുട്ടികൾ വിശപ്പ് സഹിക്കാനാവാതെയാണ് മണ്ണ് വാരിത്തിന്നത് എന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്. എന്നാൽ ഇത് തള്ളുന്ന നിലപാടാണ് പിന്നീട് ബാലാവകാശ കമ്മിഷൻ സ്വീകരിച്ചത്.
സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ ചാനലുകളോട് സംസാരിച്ചിട്ടില്ല. യാത്രയ്ക്കിടെ ആയിരുന്നു ഒരു ചാനലിൽ നിന്ന് വിളിച്ചത്. ശിശുക്ഷേമ സമിതി സംഭവം കെട്ടിച്ചമച്ചതാണോയെന്ന് ചോദിച്ചപ്പോൾ താൻ സമിതി സ്വീകരിച്ച നടപടി വിശദീകരിക്കുക മാത്രമാണുണ്ടായതെന്നും ബാലാവകാശ കമ്മിഷന് മറുപടി പറഞ്ഞിട്ടില്ലെന്നും ദീപക് കത്തിൽ വിശദീകരിച്ചു.