ചിറയിൻകീഴ്: മാല പിടിച്ച് പറിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായി. കഠിനംകുളം പുതുക്കുറിച്ചി എൽ.പി.എസിന് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ നിഷാന്ത് (26) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നവംബർ 24ന് ആനത്തലവട്ടം കയർ സൊസൈറ്റി മുക്ക് മണ്ണിയാംതിട്ട വീട്ടിൽ പ്രസന്നകുമാരിയുടെ (64) ണ്ടേ കാൽ പവന്റെ മാലയാണ് ഇയാൾ പിടിച്ചു പറിച്ച് കടന്നുകളഞ്ഞത്. വീടിന്റെ ഗേറ്റിനു മുൻവശം മുറ്റമടിച്ച് വൃത്തിയാക്കി ചവർ തീയിട്ടുകൊണ്ട് നിന്ന പ്രസന്നകുമാരിയോട് സ്കൂട്ടറിൽ എത്തിയ നിഷാന്ത് സ്കൂട്ടറിൽ നിന്ന് വീണ് മുറിവ് പറ്റിയിട്ടുണ്ടെന്നും കുടിക്കാൻ ഇത്തിരി വെള്ളം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രസന്നകുമാരി കുടിക്കാൻ വെള്ളവും നൽകി. പിന്നീട് അയാൾ മുറിവിൽ കെട്ടാൻ ബാൻഡേജ് ചോദിച്ചെങ്കിലും ഇല്ലെന്നു പറഞ്ഞ് അകത്തേക്ക് പോകാനൊരുങ്ങിയ പ്രസന്നകുമാരിയെ തള്ളി താഴയിട്ട ശേഷം മാലയും പൊട്ടിച്ചെടുത്ത് കടക്കുകയായിരുന്നു. കഴക്കൂട്ടം, കഠിനംകുളം, കടയ്ക്കാവൂർ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ ഒന്നര വർഷമായി ജയിൽ ശിക്ഷയ്ക്ക് ശേഷം അടുത്തിടെയാണ് ജയിൽ മോചിതനായത്. തിരുവനന്തപുരം റൂറൽ പൊലീസ് സൂപ്രണ്ട് ബി.അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷ്, ചിറയിൻകീഴ് സബ് ഇൻസ്പെക്ടർ വിനീഷ്, കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ, സിവിൽ പൊലീസ് ഓഫീസർ അനസ്, ബിനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.