തിരുവനന്തപുരം : ശമ്പളത്തിനായി ഭരണ - പ്രതിപക്ഷ സംഘടനാ വ്യത്യാസമില്ലാതെ സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുദ്രാവാക്യം മുഴങ്ങുകയാണിപ്പോൾ. അനിശ്ചിതകാല സമരമാണ് ഓരോ സംഘടനയും നടത്തുന്നത്. സി.ഐ.ടി.യു നേതൃത്വത്തിലുള്ള കെ.എസ്.ആർ.ടി.ഇ.എയുടേത് രാപകൽ സമരം.
കെ.എസ്.ആർ.ടി.സിയിലെ പ്രധാന മൂന്ന് സംഘടനകളായ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു), ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) , കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) എന്നിവയാണ് ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്. ഭരണകക്ഷി സംഘടനകളുടെ സമരങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ നേതാക്കൾ സർക്കാരിനെയും വകുപ്പ് മന്ത്രിയെയും കെ.എസ്.ആർ.ടി.സി എം.ഡിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
കെ.എസ്.ആർ.ടി.ഇ.എ കഴിഞ്ഞ രണ്ടിനാണ് സമരം ആരംഭിച്ചത്. ഉദ്ഘാടകനായെത്തിയ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മന്ത്രി എ.കെ. ശശീന്ദ്രനെ രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസ് സംഘടന ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ അഞ്ചിന് തുടങ്ങിയ സമരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനാണ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ (എ.ഐ.ടി.യു.സി) സമരം ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മൂന്ന് പ്രധാന സംഘടനകൾ സമരം തുടങ്ങിയതോടെ കെ.എസ്.ആർ.ടി.സി വിഷയത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.