തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ നേതൃപദവി തന്നെ വിലയായി നൽകേണ്ടിവന്നെങ്കിലും എസ്.പി. ദീപക്കിന്റെ ഇടപെടലിലൂടെ വഞ്ചിയൂർ കൈതമുക്കിലെ റെയിൽവേ പുറമ്പോക്ക് ചേരിയിൽ മാറ്റത്തിന് വഴിതുറന്നുവെന്നത് ചെറിയ കാര്യമല്ല. കൈതമുക്ക് പുറമ്പോക്ക് കോളനിയിലെ കുട്ടികൾ മണ്ണ് വാരിത്തിന്നുവെന്ന വാർത്ത വൻവിവാദം സൃഷ്ടിച്ചതിനെ തുടർന്നാണിപ്പോൾ വിഷയത്തിലിടപെട്ട ശിശുക്ഷേമസമിതി ജനറൽസെക്രട്ടറി എസ്.പി. ദീപക്കിന് സ്ഥാനത്യാഗം വേണ്ടിവന്നത്. എന്നാൽ, അറിഞ്ഞോ അറിയാതെയോ ദീപക്കിന്റെ ഇടപെടൽ നഗരമദ്ധ്യത്തിലെ പല പുറമ്പോക്ക് കോളനികളിലേക്കും അധികൃതരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധ പതിയാൻ വഴിയൊരുക്കിയിട്ടുണ്ട്.
കൈതമുക്ക് കോളനിയിലെ തന്നെ പതിനാല് കുടുംബങ്ങൾക്ക് ഈ വിവാദത്തിനുശേഷം താത്കാലിക റസിഡന്റ്സ് സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികൾ കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ മേൽവിലാസമില്ലാതെ കഴിഞ്ഞിരുന്നവരാണ് ഇവർ. റെയിൽവേ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരായതുകൊണ്ടുതന്നെ താത്‌കാലിക സർട്ടിഫിക്കറ്റ് നൽകാനേ വഴിയുള്ളൂ. ഇത് ലഭിച്ചാൽ കുടിവെള്ളം, വൈദ്യുതി കണക്‌ഷനുകൾക്കും ആധാർ കാർഡിനുമെല്ലാം അപേക്ഷിക്കാനാവും.
മണ്ണ് വാരിത്തിന്നൽ വിവാദമുണ്ടായതോടെ പ്രത്യേക കുടുംബത്തിന് നഗരസഭയുടെ പ്രത്യേക പരിഗണനയും കിട്ടി. കുട്ടികളുടെ അമ്മയ്ക്ക് കോർപ്പറേഷനിൽ താത്കാലിക ജോലി ലഭിച്ചു. നാല് കുട്ടികളെ ശിശുക്ഷേമ സമിതി തന്നെ ദത്തെടുത്തു. ഇതിന് പുറമേ പലരിൽ നിന്നായി ആഹാരസാധനങ്ങളുൾപ്പെടെ കോളനിയിലെത്തിക്കാനുമായി.