sp-deepak

തിരുവനന്തപുരം : കൈതമുക്കിൽ കുട്ടികൾ മണ്ണ് വാരി തിന്നെന്ന അമ്മയുടെ പരാതിയും ഉദ്യോഗസ്ഥരുടെ റിപ്പോർട്ടും കിട്ടിയപ്പോൾ സ്ഥലത്തുപോയി നിജസ്ഥിതി വിശദമായി കണ്ടു മനസിലാക്കുന്നതിലുണ്ടായ വീഴ്ചയാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾ വിശപ്പ് കൊണ്ട് മണ്ണുവാരി തിന്നെന്ന രീതിയിൽ കാര്യമറിയാതെ താൻ നടത്തിയ പ്രസ്താവന നല്ല നിലയിൽ പ്രവർത്തിക്കുന്ന സർക്കാരിന് ചീത്തപ്പേരുണ്ടാക്കി . വാർത്തകൾ ദേശീയാടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പാർട്ടി രാജി ആവശ്യപ്പെടുകയായിരുന്നു . വിശപ്പ് കാരണമല്ല ആ കുട്ടികൾ മണ്ണ് വാരി തിന്നതെന്ന് പിന്നീടാണ് മനസിലായത് .
ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണോ പരാതി എഴുതി തെറ്റിദ്ധരിപ്പിച്ചതെന്ന ചോദ്യത്തിന് പൊതുപ്രവർത്തകരും നാട്ടുകാരുമാണ് പരാതി നൽകിയതെന്ന് ദീപക് പറഞ്ഞു. ജനറൽ സെക്രട്ടറിയുടെ കാലാവധി ഈ മാസം അവസാനിക്കുമെങ്കിലും പാർട്ടി രാജി ആവശ്യപ്പെട്ടാൽ മറ്റുകാര്യങ്ങൾ മുന്നിലില്ലെന്നും അത് അനുസരിച്ച് പാർട്ടി പ്രവർത്തനങ്ങളിൽ ഇനി സജീവമായി ഉണ്ടാകുമെന്നും ദീപക് പറഞ്ഞു.