sreepadmanabha-swami-temp

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിന്റെ മൂന്നാംഘട്ടം അവസാനിക്കുമ്പോൾ തുടർന്നുള്ള സുരക്ഷാ ക്രമീകരണം സംബന്ധിച്ച് ക്ഷേത്രത്തിൽ യോഗം ചേർന്നു. കിഴക്കേനടയിൽ ആരംഭിക്കുന്ന ദേശീയ നൃത്തമേള കാണാനും ക്ഷേത്ര ദർശനത്തിനും സൗകര്യമൊരുക്കുന്നത് വിലയിരുത്തി. ലക്ഷദീപത്തിന് മുന്നോടിയായ ഒരുക്കങ്ങൾ സംബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുതല യോഗം ഇന്ന് നടക്കും.
എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശന്റെയും സുരക്ഷാ വിഭാഗം ഡി.സി.പി. കെ.എസ്. ഗോപകുമാറിന്റെയും നേതൃത്വത്തിലാണ് യോഗം നടന്നത്. 13ന് ആരംഭിക്കുന്ന നൃത്തമേളയ്ക്ക് തിരക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് നടക്കുന്ന മന്ത്രിതല യോഗത്തിൽ പൊലീസ്, പൊതുമരാമത്ത്, ഫയർഫോഴ്സ്, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, നഗരസഭ എന്നിവയുടെ ഉദ്യോഗസ്ഥർ പങ്കെടുക്കും.

തീരുമാനങ്ങൾ

സന്ധ്യയ്ക്ക് കിഴക്കേ നടയിൽ തിരക്കുണ്ടാകുമ്പോൾ ദർശനത്തിനെത്തുന്നവർക്ക് തടസമുണ്ടാകാത്ത വിധം ക്രമീകരണമുണ്ടാക്കും

പദ്മതീർത്ഥക്കരയിൽ കൂടുതൽ വീഡിയോ വാളുകളും കസേരകളും സ്ഥാപിക്കും

 ലക്ഷദീപ ദിവസം രാത്രി ശീവേലി നടക്കുമ്പോൾ മതിലകത്ത് നിറയുന്ന ഭക്തർക്ക് എല്ലാ മേഖലയിലെയും പൂജകൾ കാണാൻ 9 വീഡിയോ വാളുകൾ സ്ഥാപിക്കും

സുരക്ഷാമേഖലയിലെ ഡാറ്റാ ട്രാൻസ്മിഷന്റെ പൂർണചുമതല പൊലീസിനായിരിക്കും

ഉള്ളിലെ ദൃശ്യങ്ങൾ പുറത്തു പോകരുതെന്ന നിർദ്ദേശം നിലവിലുണ്ട്

ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം മാത്രമെ ശീവേലിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടു

ശീവേലി നടക്കുന്ന സമയത്തും ഭക്തർക്ക് ക്ഷേത്രദർശനം സുഗമമാക്കാനുള്ള സൗകര്യം ഒരുക്കും


നാലാം മുറ ശനിയാഴ്ച മുതൽ

മുറജപത്തിന്റെ നാലാം മുറയ്ക്ക് ശനിയാഴ്ച തുടക്കമാകും

മൂന്നാം ഘട്ടം നാളെ രാത്രി ശീവേലിയോടെ സമാപിക്കും

പിറ്റേന്ന് രാവിലെ 6.30 ന് ജലജപത്തോടെയാണ് അടുത്ത മുറ മന്ത്രോച്ചാരണം തുടങ്ങുക

ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തിൽ വേദ പണ്ഡിതർ നടത്തുന്ന മന്ത്രോച്ചാരണം 10.30 വരെ നീളും

വൈകിട്ട് വീണ്ടും ജലജപം നടക്കും

ഏഴ് മുറയാണ് ആകെയുള്ളത്

ഏഴാം മുറ ജനുവരി 15 ന് സമീപിക്കും. അന്ന് ലക്ഷദീപവും മകര ശീവേലിയും നടക്കും.

പദ്മതീർത്ഥം ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്.