-ranji-trophy-kerala

തുമ്പ : സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ കരുത്തരായ ഡൽഹിക്കെതിരെ 383 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആസ്വദിച്ച് കേരളം. ആദ്യ ഇന്നിംഗ്സിൽ റോബിൻ ഉത്തപ്പ (102), സച്ചിൻ ബേബി (156), പി. രാഹുൽ (97), സൽമാൻ നിസർ (77) എന്നിവരുടെ ബാറ്റിംഗ് മികവിൽ 525/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്ത കേരളം മൂന്നാംദിനമായ ഇന്നലെ ഡൽഹിയെ വെറും 142 റൺസിന് ആൾ ഒൗട്ടാക്കി. തുടർന്ന് ഫോളോ ഒാണിനിറങ്ങിയ ഡൽഹി ഇന്നലെ കളിനിറുത്തുമ്പോൾ 142/1 എന്ന നിലയിലാണ്. ഇപ്പോൾ 241 റൺസ് പിന്നിലാണ് സന്ദർശകർ.

ആറ് വിക്കറ്റ് വീഴ്ത്തിയ ആൾ റൗണ്ടർ ജലജ് സക്‌സേനയാണ് ഡൽഹിയെ രണ്ടാം ഇന്നിംഗ്സിൽ തകർത്തത്.

രണ്ടാംദിനം 23/2 എന്ന നിലയിലായിരുന്ന ഡൽഹി ഇന്നലെ 119 റൺസ് കൂടി നേടുന്നതിനിടയിൽ ആൾ ഒൗട്ടായി. അനുജ് റാവത്ത് (5), ധ്രുവ് ഷോറെ (19), ജോണ്ടി സിഡു (3), ലളിത് യാദവ് (5), പ്രദീപ് സാംഗ്‌വാൻ (17), വികാസ് മിശ്ര (13) എന്നിവരെ പുറത്താക്കി ജലജ് കേരളത്തെ ലീഡിലേക്കുയർത്തുകയായിരുന്നു. 24 ഒാവറുകൾ എറിഞ്ഞ ജലജ് നാല് മെയ്ഡനടക്കം 63 റൺസ് വഴങ്ങിയാണ് ആറ് വിക്കറ്റ് വീഴ്ത്തിയത്. സിജോമോൻ ജോസഫ് രണ്ട് വിക്കറ്റും സന്ദീപ് വാര്യർ, കെ.എസ്. മോനിഷ് എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി.

ഫോളോ ഒാണിനിറങ്ങിയ ഡൽഹി സൂക്ഷിച്ചാണ് ബാറ്റ് വീശിയത്. അനുജ് റാവത്തും (87), കുനാൽ ചന്ദേലയും (51 നോട്ടൗട്ട്) ഒാപ്പണിംഗിൽ 130 റൺസ് കൂട്ടിച്ചേർത്തു. കളിനിറുത്തുമ്പോൾ ധ്രുവ് ഷോറെയാണ് (2) കുനാലിന് കൂട്ട്. ഇന്ന് ഒൻപത് വിക്കറ്റുകൾ കൂടി നേടിയാൽ കേരളത്തിന് വിജയത്തോടെ സീസണിന് തുടക്കമിടാം.

ഇരട്ട സെഞ്ച്വറിയുമായി പൃഥ്വി ഷാ

വഡോദര : പരിക്കും വിലക്കും കഴിഞ്ഞ രഞ്ജി ട്രോഫിക്കിറങ്ങിയ മുംബയ്‌യുടെ യുവ ഒാപ്പണർ പൃഥ്വി ഷാ ബറോഡയ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇരട്ട സെഞ്ച്വറി (202) നേടി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചു. ആദ്യ ഇന്നിംഗ്സിൽ 66 റൺസ് നേടിയിരുന്ന പൃഥ്വി കഴിഞ്ഞമാസം നടന്ന സെയ്ദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി 20 പരമ്പരയിലും മികച്ചപ്രകടനം കാഴ്ചവച്ചിരുന്നു. 179 പന്തുകളിൽ 19 ഫോറും ഏഴ് സിക്‌സുമടക്കമായിരുന്നു ഷായുടെ ഇരട്ട സെഞ്ച്വറി.

2018 ൽ വിൻഡീസിനെതിരെ ടെസ്റ്റിൽ സെഞ്ച്വറിയുമായി അരങ്ങേറിയിരുന്ന ഷാ ആസ്ട്രേലിയൻ പര്യടനത്തിലെ പരിശീലന മത്സരത്തിനിടെ പരിക്കേറ്റതോടെ പുറത്തായി. തുടർന്ന് ചുമയ്ക്ക് കഴിച്ച മരുന്നിൽ ഉത്തേജകാംശം കണ്ടെത്തിയതിനെതുടർന്നാണ് വിലക്കിലായത്.

ബറോഡയ്ക്കെതിരെ ആദ്യ ഇന്നിംഗ്സിൽ 431 റൺസെടുത്ത മുംബയ് രണ്ടാം ഇന്നിംഗ്സിൽ 409/4ന് ഡിക്ളയർ ചെയ്തു. ആദ്യ ഇന്നിംഗ്സിൽ 307 ആൾ ഒൗട്ടായ ബറോഡ രണ്ടാം ഇന്നിംഗ്സിൽ 74/3 എന്ന നിലയിലാണ്.