തിരുവനന്തപുരം : ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജന പദ്ധതിയ്ക്കായി 11.52 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിന് ഫ്ളക്‌സി ഫണ്ടായി 10.33 കോടി രൂപയും ഭരണപരമായ ചെലവുകൾക്കായി 1.18 കോടി രൂപയും ഉൾപ്പെടെയാണ് 11.52 കോടി രൂപ അനുവദിച്ചത്. പദ്ധതി തുടങ്ങിയ 2018 ജനുവരി മുതൽ ഇതുവരെ 3.8 ലക്ഷത്തിലധികം അമ്മമാർക്ക് 154 കോടി രൂപയാണ് ധനസഹായം ലഭിച്ചത്. ഗർഭിണികളിലും പാലൂട്ടുന്ന അമ്മമാരിലും മെച്ചപ്പെട്ട ആരോഗ്യം വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ കാലയളവിൽ അവർക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് പരിഹാരമായി ധനസഹായം നൽകുക വഴി പ്രസവത്തിന് മുൻപും പിൻപും മതിയായ വിശ്രമം ലഭിക്കുന്നതായും മന്ത്രി പറഞ്ഞു.

1,000, 2,000, 2,000 എന്നിങ്ങനെ 3 ഗഡുക്കളായിട്ടാണ് ഈ തുക നൽകുന്നത്. സാമ്പത്തിക ആനുകൂല്യം ഗുണഭോക്താവിന്റെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴിയാണ് നൽകുന്നത്. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ഇല്ലാത്തവരും മറ്റേതെങ്കിലും പ്രസവാനുകൂല്യം ലഭിക്കാത്തവരുമായ എല്ലാ സ്ത്രീകളും പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് അർഹരാണ്. എല്ലാ അമ്മമാർക്കും ഈ പദ്ധതിയുടെ ഗുണഫലം കിട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്നതിന് അങ്കണവാടി ജീവനക്കാർക്ക് ഇൻസെന്റീവും നൽകുന്നതായും മന്ത്രി വ്യക്തമാക്കി.