water
water

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന വാട്ടർ അതോറിട്ടി തസ്തികകൾ റദ്ദാക്കി ചെലവ് ചുരുക്കലിന് ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ 52 എൽ.ഡി ടൈപ്പിസ്റ്റ് തസ്തികകൾ നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് എം.ഡിയുടെ ചുമതല വഹിക്കുന്ന വാട്ടർ റിസോഴ്സ് വിഭാഗം മേധാവി ജലവിഭവ അഡിഷണൽ സെക്രട്ടറിക്ക് കത്ത് നൽകി.

ടൈപ്പിസ്റ്റ് തസ്തികയിലെ മുഴുവൻ ഒഴിവുകളും പി.എസ്‌.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ നിർദ്ദേശം മറികടന്നാണിത്. വാട്ടർ അതോറിട്ടിയിലെ ജോലികൾക്കായി പ്രൈസ്,​ മാർച്ച്,​ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് എന്നീ സോഫ്‌റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത്. ടാലി സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെയാണ് പ്രതിമാസ അക്കൗണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. വാട്ടർ അതോറിട്ടിയുടെ എല്ലാ ഓഫീസുകളും കംപ്യൂട്ടർവത്കരിച്ചതും ഡി.ടി.പി ജോലികൾക്കായി ടെംപ്ളേറ്റുകൾ തയ്യാറാക്കിയതും നിമിത്തം ടൈപ്പിസ്റ്റുകൾക്ക് കാര്യമായ ജോലി ഇല്ലെന്നാണ് അധികൃതരുടെ നിലപാട്. കംപ്യൂട്ടർ അറിയാവുന്നവർക്ക് എപ്പോൾ വേണമെങ്കിലും പ്രിന്റൗട്ടുകളോ മറ്റോ എടുക്കാം. .

. രണ്ടാം ഘട്ടത്തിൽ ഫിറ്റർ തസ്തികയാവും നിറുത്തലാക്കുക. ഈ തസ്തികയിൽ ഏഴ് ഒഴിവുകൾ മാത്രമാണ് പി.എസ്.എസിക്ക് റിപ്പോർട്ട് ചെയ്തത്. ആകെ ഒഴിവുകൾ കണക്കാക്കിയിട്ടില്ല. സ്മാർട്ട് മീറ്റർ വരുന്നതോടെ മീറ്റർ റീഡർ തസ്‌തികയും നിറുത്തലാക്കും.

ടൈപ്പിസ്റ്റ് വിഭാഗം:

ആകെ തസ്തികകൾ-257

സെലക്ഷൻ ഗ്രേഡ് - 64

സീനിയർ ഗ്രേഡ് - 64

അപ്പർ ഡിവിഷൻ - 64

ലോവർ ഡിവിഷൻ - 65