തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഒന്നേകാൽ കോടി രൂപ ചെലവിട്ട് കോളേജ് യൂണിയൻ ഭാരവാഹികളെ ലണ്ടനിൽ പരിശീലനത്തിനയക്കാനുള്ള സർക്കാർ തീരുമാനത്തിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം.
സർക്കാർ ചെലവുകളുടെ കാര്യത്തിൽ മുൻഗണനാക്രമം ഉണ്ടാവണമെന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശത്തിന്റെ ചുവട് പിടിച്ചാണ് യോഗത്തിൽ പലരും വിഷയമെടുത്തിട്ടത്. മുഖ്യമന്ത്രിയോട് സംസാരിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്താനും ഇടതുമുന്നണിയിൽ ഉന്നയിക്കാനും കാനം രാജേന്ദ്രനെ ചുമതലപ്പെടുത്തി. 75 വിദ്യാർത്ഥി നേതാക്കളാണ് വിദേശത്ത് പോകാനൊരുങ്ങുന്നത്. ഇതിൽ ഭൂരിഭാഗവും എസ്.എഫ്.ഐക്കാരാണ്..കേന്ദ്രസർക്കാരിന്റെ റൂസ ഫണ്ടിൽ നിന്നുള്ള ധനസഹായമനുസരിച്ചാണ് വിദേശയാത്രയെങ്കിലും സാമാന്യജനങ്ങൾക്ക് അത്തരം സാങ്കേതികത്വമൊന്നുമാകില്ല വിഷയം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വിദ്യാർത്ഥി നേതാക്കൾ വിനോദസഞ്ചാരത്തിന് പോകുന്നുവെന്ന വ്യാഖ്യാനമേ ഉണ്ടാവൂ. ഇത് സർക്കാരിന് മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.