ചിറയിൻകീഴ്: ശിവഗിരി തീർത്ഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും ഗുരുദേവ വിശ്വാസികൾക്കു തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നതിനുമായി തീർത്ഥാടന ദിനമായ 31ന് സർക്കാർ പൊതു അവധി പ്രഖ്യാപിക്കണമെന്നു ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യവേദി ചിറയിൻകീഴ് - വർക്കല താലൂക്ക് കമ്മിറ്റികളുടെ യോഗം ആവശ്യപ്പെട്ടു. ശ്രീനാരായണീയരുടെ ഏറെക്കാലമായുള്ള പ്രധാന ആവശ്യങ്ങളിലൊന്നാണിത്. ശിവഗിരി തീർത്ഥാടനത്തിന്റെ മഹിമയും പൊരുളും നാൾക്കുനാൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ തീർത്ഥാടനത്തിൽ പങ്കെടുക്കുകയെന്നതു ഗുരു വിശ്വാസികളുടെ പുണ്യകർമങ്ങളിലൊന്നായി മാറിക്കഴിഞ്ഞിട്ടുള്ളതായി സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. അവധിക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ജില്ലയിൽ പൊതു അവധിയും സംസ്ഥാനത്തു നിയന്ത്രിതാവധിയും പ്രഖ്യാപിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഐക്യവേദി ചെയർമാൻ അജി.എസ്.ആർ.എമ്മിന്റെ അദ്ധ്യക്ഷതയിൽ കൺവീനർ ഡി. വിപിൻ രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി. വിഷ്ണുഭക്തൻ പ്രമേയം അവതരിപ്പിച്ചു. ഡോ. ഷിബുരാജ്‌, ഐക്യവേദി ജനറൽ കൺവീനർ ശ്രീകുമാർ പെരുങ്ങുഴി, അഡ്വ. സാജ് എസ്. ശിവൻ, ഡോ. ബി. സീരപാണി, അജീഷ് കടയ്ക്കാവൂർ, സുനിൽ പ്ളാവഴികം, സജി എസ്.ആർ.എം, പ്രദീപ് സഭവിള, സി. കൃത്തിദാസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ശിവകുമാർ വർക്കല, ഡി. ചിത്രാംഗദൻ, എസ്.എൻ.ഡി.പി ശാഖാ യോഗങ്ങളെ പ്രതിനിധീകരിച്ച് ഡി. ജയതിലകൻ, ബൈജു തോന്നയ്ക്കൽ, ഷാ ധർമപാലൻ, പി.ആർ.എസ്. പ്രകാശൻ, സന്തോഷ് പുതുക്കരി എന്നിവർ സംസാരിച്ചു. 31ന് പുലർച്ചെ ശിവഗിരി മഹാസമാധിമണ്ഡപത്തിൽ നിന്നു പുറപ്പെടുന്ന മഹാതീർത്ഥാടന പദയാത്രക്കു കടന്നുപോകാൻ വഴിയൊരുക്കുന്നതിനു വർക്കല മൈതാനം ജംഗ്ഷനു സമീപം അടച്ചിട്ടിരിക്കുന്ന റെയിൽവേ ഗേറ്റ് താത്കാലികമായി തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും സംയുക്ത യോഗം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരോട് നിവേദനത്തിൽ ആവശ്യപ്പെട്ടു.