chelsea
chelsea

ലണ്ടൻ : പ്രാഥമികറൗണ്ടിലെ അവസാന മത്സരത്തിൽ ഫ്രഞ്ച് ക്ളബ് ലില്ലെയെ 2-1ന് കീഴടക്കി ഇംഗ്ളീഷ് ക്ളബ് ചെൽസി ഗ്രൂപ്പ് എച്ചിലെ രണ്ടാംസ്ഥാനക്കാരായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിലെത്തിയപ്പോൾ മുൻ ചാമ്പ്യൻമാരായ ഇന്റർമിലാൻ ബാഴ്സലോണയ്ക്കെതിരായ നിർണായക മത്സരത്തിൽ 1-2ന് തോറ്റ് ഗ്രൂപ്പ് എഫിലെ മൂന്നാംസ്ഥാനവും കൊണ്ട് പുറത്തായി. കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ അയാക്‌സും പ്രീക്വാർട്ടർ കടന്നില്ല. വലൻസിയയോട് 1-0 ത്തിന് തോറ്റ അയാക്സ് ഗ്രൂപ്പ് എച്ചിലെ മൂന്നാംസ്ഥാനത്തേക്ക് വീഴുകയായിരുന്നു.

മുൻ താരം ഫ്രാങ്ക്‌ ലംപാർഡിന്റെ പരിശീലനത്തിന് കീഴിലിറങ്ങിയ ചെൽസി 19-ാം മിനിട്ടിൽ ടാമി അബ്രഹാമും 35-ാം മിനിട്ടിൽ അത് ബല്ലിക്കുയേറ്റയും നേടിയ ഗോളുകൾക്കാണ് വിജയം കണ്ടത്. 78-ാം മിനിട്ടിൽ റെമിയാണ് ലില്ലെയുടെ ആശ്വാസഗോളടിച്ചത്.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഇന്റർ ബാഴ്സയ്ക്ക് കീഴടങ്ങിയത്. 23-ാം മിനിട്ടിൽ കാൾസ് പെരെസിലൂടെ ബാഴ്സ മുന്നിലെത്തിയിരുന്നു. 44-ാം മിനിട്ടിൽ റൊമേലു ലുക്കാക്കു സമനിലയിലെത്തിച്ചെങ്കിലും 86-ാം മിനിട്ടിൽ കൗമാര താരം അൻസുഫാറ്റി ബാഴ്സയ്ക്ക് വിജയമൊരുക്കി.

17 കാരനായ അൻസു ഫാറ്റി ചാമ്പ്യൻസ് ലീഗിൽ സ്കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റെക്കാഡിടുകയും ചെയ്തു.

ചെൽസി വിജയം കാണുകയും തങ്ങൾക്ക് വലൻസിയയോട് തോൽവി ഏറ്റുവാങ്ങേണ്ടിവന്നതുമാണ് ഡച്ച് ക്ളബ് അയാക്‌സിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. അയാക്‌സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 24-ാം മിനിട്ടിൽ റോഡ്രിഗോയാണ് വലൻസിയയുടെ വിജയഗോൾ നേടിയത്.

നേരത്തെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്ന ലിവർപൂൾ അവസാന മത്സരത്തിൽ സാൽസ് ബർഗിനെ 2-0 ത്തിന് കീഴടക്കി. നബി കെയ്തയും മുഹമ്മദ് സലായുമാണ് ലിവർപൂളിനായി സ്കോർ ചെയ്തത്. ജെൻകിനെ 4-0ത്തിന് തർത്ത ഇറ്റാലിയൻ ക്ളബ് നാപ്പോളി ഗ്രൂപ്പ് ഇയിൽ ലിവർപൂളിന് പിന്നിൽ രണ്ടാംസ്ഥാനത്തായി.

ആഞ്ചലോട്ടി തെറിച്ചു

ചാമ്പ്യൻസ് ലീഗിലെ അവസാന മത്സരത്തിൽ ജെൻകിനെ 4-0 ത്തിന് കീഴടക്കി പ്രീക്വാർട്ടറിലെത്തിയെങ്കിലും ഇറ്റാലിയൻ ക്ളബ് നാപ്പോളി പരിശീലക സ്ഥാനത്തുനിന്ന് കാർലോ ആഞ്ചലോട്ടിയെ പുറത്താക്കി. ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ ആഞ്ചലോട്ടിയെ സ്വീകരിച്ചേക്കുമെന്ന് സൂചനയുണ്ട്.

പ്രീക്വാർട്ടറിലെത്തിയവർ

ലിവർപൂൾ, നാപ്പോളി, ബാഴ്സലോണ, ബൊറൂഷ്യ, ലെയ്‌പ്‌സിഗ്, ലിയോൺ, വലൻസിയ, ചെൽസി.

പുറത്തായവർ

അയാക്‌സ് , ലില്ലെ, ബെൻഫിക്ക, സെനിത്ത്, ഇന്റർമിലാൻ, സ്ളാവിയ, ജെൻക്, സാൽസ്ബർഗ്.

മത്സരഫലങ്ങൾ

ലിവർപൂൾ 2-സാൽസ് ബർഗ് 0

നാപ്പോളി 4- ജെൻക് 0

വലൻസിയ 1- അയാക്‌സ് 0

ബെൻഫിക്ക 3-സെനിത്ത് 0

ബൊറൂഷ്യ 2-സ്ളാവിയ പ്രാഹ 1

ചെൽസി 2-ലില്ലെ 1

ബാഴ്സലോണ 2-ഇന്റർമിലാൻ 1

ലിയോൺ 2-ലെയ്‌പ്‌സിഗ് 2