തിരുവനന്തപുരം: ഇന്ന് വൈകിട്ട് ആറിന് ട്രാൻസ്‌പോർട്ട് തൊഴിലാളികൾ സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധ ശൃംഖല തീർക്കും. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഡിസംബർ 2ന് ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹസമരം 10 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതിഷേധ ശൃംഖല.
ശമ്പളം കൃത്യമായി വിതരണം ചെയ്യുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ഇ.റ്റി.എം അനുവദിക്കുക, പുതിയ ബസുകൾ നിരത്തിലിറക്കുക, ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് റിക്കവറി നടത്തിയ കടം തിരിച്ചടവു തുക ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിൽ അടച്ചുതീർത്ത് ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കുക, കെ.എസ്.ആർ.ടി.സി.യുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിച്ചത്. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ജയപ്രകാശ് സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സന്തോഷ് അദ്ധ്യക്ഷനായിരുന്നു. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, കെ.എസ്.ആർ.റ്റി.ഇ.എ ജനറൽ സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ, ട്രഷറർ പി.ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ പി.എസ്.മഹേഷ്, പി.എ.ജോജോ തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു ചാല ഏരിയാ കമ്മിറ്റി, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകൾ പ്രകടനമായെത്തി സമരത്തെ അഭിവാദ്യം ചെയ്തു.