മലയിൻകീഴ് : വിളപ്പിൽശാല-ശാസ്താംപാറ ബണ്ട് റോഡിലൂടെ കരിങ്കൽ കയറ്റിയെത്തിയ ടിപ്പർ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു.ടിപ്പർ ഡ്രൈവറും പഞ്ചായത്ത് അംഗവുമായി വാക്ക് തർക്കവും തുടർന്ന് സംഘർഷവുമുണ്ടായി.ആക്രമണത്തിൽ വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കരുവിലാഞ്ചി വാർഡ് അംഗവും സി.പി.എം.നേതാവുമായ ആർ.എസ്.രതീഷ്,ടിപ്പർ ഡ്രൈവർ പുളിയറക്കോണം സ്വദേശി സനൽ,പഞ്ചായത്ത് അംഗത്തിന്റെ സുഹൃത്ത് ശ്രീജിത്ത്,ടിപ്പറിലെ തൊഴിലാളികളായ ഷാജി,മുകേഷ് എന്നിവർക്ക് പരിക്കേറ്റു.പഞ്ചായത്ത് അംഗത്തെ വിളപ്പിൽശാല സർക്കാർ ആശുപത്രിയിലും മറ്റുള്ളവർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസ തേടി.പഞ്ചായത്ത് അംഗം നൽകിയ പരാതിയിൽ വിളപ്പിൽശാല പൊലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

കരുവിലാഞ്ചിയിൽ പ്രവർത്തിക്കുന്ന പാറമടയിൽ നിന്നു ബണ്ട് റോഡിലൂടെ കരിങ്കല്ല് കയറ്റി ടിപ്പർ സ്ഥിരമായി പോയതിനെ തുടർന്ന് ബണ്ട് റോഡാകെ തകർന്ന് ഒരു വശത്തെ കരിങ്കൽകെട്ട് ഏത് നിമിഷം വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലായി.ഇതുവഴി ലോഡ് കയറ്റിയ വാഹനങ്ങൾ കടത്തി വിടില്ലെന്ന് നാട്ടുകാർ മുന്നറിയിപ്പും നൽകിയിരുന്നു.ഇതൊന്നും വകവയ്ക്കാതെ ടിപ്പർ ലോഡുമായി കടന്നു പോകുന്നത് പതിവായിരുന്നു.ഇന്നലെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് പഞ്ചായത്തംഗം ടിപ്പർ തടയാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ഡ്രൈവറെയും കൂടെ ഉണ്ടായിരുന്ന തൊഴിലാളികളെയും വാഹനത്തിൽ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയും ടിപ്പറിന്റെ മുന്നിലെ ഗ്ലാസ് പൊട്ടിച്ചതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.സ്ഥലത്ത് സംഘർഷം നിലനിൽക്കുകയാണ്.