വെമ്പായം: ശബരിമല ദർശനത്തിനുശേഷം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെമ്പായം കൊഞ്ചിറ കടുവാക്കുഴി സ്വദേശി ദിലീപ് (37)ആണ് ബുധനാഴ്ച രാവിലെ അഞ്ചര മണിയോടെ ഏറ്രുമാനൂർ മഹാദേവ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. ദിലീപിന്റെ പിതാവ് ബാലകൃഷ്ണൻ, മാതാവ് ഇന്ദിര ,മകൾ കാർത്തിക എന്നിവരടങ്ങുന്ന 42 അംഗ സംഘം ദിലീപിനോടൊപ്പം ശബരിമല യാത്രയിൽ ഉണ്ടായിരുന്നു. ശബരിമലയിൽ നിന്ന് എരുമേലി വഴി ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഏറ്റുമാനൂരിൽ എത്തി. ക്ഷേത്ര മൈതാനത്ത് വിശ്രമിച്ച ശേഷം രാവിലെ ദർശനം നടത്തി മടങ്ങാനിരിക്കവെയാണ് സംഭവം. ദിലീപിനെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് ദിലീപ് ക്ഷേത്രക്കുളത്തിൽ മുങ്ങിയ വിവരം അറിഞ്ഞത്. ഇന്നലെ രാത്രി ഏഴര മണിയോടെ സ്വവസതിയിൽ സംസ്കരിച്ചു. സന്ധ്യയാണ് ഭാര്യ.