ശബരിമല: സന്നിധാനത്തേയും കള്ളൻമാർ വെറുതേവിടുന്നില്ല. അയ്യായിരംപേർക്ക് നിത്യേന അന്നം നൽകുന്ന ദേവസ്വം മെസിൽ നിന്ന് സ്റ്റീൽ പ്ലേറ്റും ഗ്ലാസും ഉൾപ്പെടെയുള്ളവ അടിച്ചുമാറ്റുന്നു. ജീവനക്കാർ മാത്രം ആഹാരം കഴിക്കുന്ന മെസിൽ നിന്നാണ് സാധനങ്ങൾ കളവുപോകുന്നത്. ആരാണ് ഈ പെരുംകള്ളൻമാരെന്നാണ് ചോദ്യം. കള്ളനെ കൈയോടെ കണ്ടുപിടിക്കാൻ കാത്തിരിക്കുകയാണ്. ആഹാരം കഴിക്കുന്ന പാത്രങ്ങളും മറ്റും ജീവനക്കാരിൽ ചിലർ എടുത്തുകൊണ്ട് പോകുന്നതാണെന്നും ഇവരുടെ പ്രവൃത്തി മോഷ്ടാക്കൾക്ക് തുല്യമാണെന്ന ആക്ഷേപവും ശക്തമാണ്.
സന്നിധാനത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്ക് രുചിയും വൃത്തിയുമുള്ള ഭക്ഷണമാണ് ദേവസ്വം മെസിലെ ജീവനക്കാർ ഒരുക്കുന്നത്. മുന്നൂറോളം പേർക്ക് ഒരു നേരം ഒരുമിച്ചിരുന്ന് കഴിക്കാനുള്ള സൗകര്യമാണ് മെസിലുള്ളത്. എല്ലാ ദിവസവും മൂവായിരത്തോളം പേർ നേരിട്ട് ഭക്ഷണം കഴിക്കുന്നു. 2000 പേർക്ക് പാഴ്സലായും ഭക്ഷണം എത്തിക്കുന്നുണ്ട്. ഒരു സ്പെഷ്യൽ ഓഫീസറും അസി. സ്പെഷ്യൽ ഓഫീസറും 42 ദേവസ്വം ജീവനക്കാരുമാണ് മെസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാചകമടക്കമുള്ള മറ്റ് ജോലികൾക്കായി 42 പേർ വേറെയുമുണ്ട്.
വ്യത്യസ്തമായ വിഭവങ്ങളാണ് ഓരോ ദിവസവും നൽകുന്നത്. പ്രാതലിന് ഉപ്പുമാവ്, ഇഡലി, ദോശ, ചപ്പാത്തി, ഗ്രീൻപീസ്, കടലക്കറി, കിഴങ്ങുകറി, ചമ്മന്തി എന്നിവയാണ് കറികൾ. ഉച്ചയൂണിന് സാമ്പാർ, രസം, പുളിശേരി, മോര് എന്നിവ ഒഴിച്ചുകൂട്ടാനായി നൽകും. തീയലോ അവിയലോ ഓരോദിവസവും മാറി മാറി വിളമ്പും. വിവിധതരം തോരൻ, മെഴുക്കുപുരട്ടി തുടങ്ങിയ ഏതെങ്കിലും ഒരു വിഭവമുണ്ടാകും. നാരങ്ങ, മാങ്ങ, നെല്ലിയ്ക്ക എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചുള്ള അച്ചാറും ഇവയ്ക്കൊപ്പം നൽകും. രാത്രി കഞ്ഞിയും പയറുതോരനുമാണ്. വറ്റൽമുളകും തക്കാളിക്കറിയും കപ്പയുമൊക്കെ ഉൾപ്പെടുത്താറുണ്ട്.
ഭക്ഷണം കഴിക്കാനെത്തുന്ന പലരും ഗ്ലാസും പ്ലേറ്റും മുറികളിലേക്ക് കൊണ്ടുപോകുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.
വാങ്ങിയ പ്ളേറ്റ്: 600
ഗ്ളാസ്: 860
ഭക്ഷണം കഴിക്കുന്നത്:
5000 പേർ (ദിവസം)
ദേവസ്വം ജീവനക്കാർ: 42
പാചകക്കാർ: 42
''ജീവനക്കാർ ഒരുമിച്ചെത്തുമ്പോൾ പ്ലേറ്റിനും ഗ്ലാസിനും അനുഭവപ്പെടുന്ന ക്ഷാമം പലപ്പോഴും അസൗകര്യമുണ്ടാക്കുന്നുണ്ട്. ഇത്തവണ 600 പ്ലേറ്റും 860 ഗ്ലാസും വാങ്ങിച്ചിട്ടുണ്ട്. ഇതിൽ നല്ലൊരു പങ്കും ഇപ്പോൾ മെസിൽ കാണാനില്ല.
കെ. ജയകുമാർ
സ്പെഷ്യൽ ഓഫീസർ