തിരുവനന്തപുരം: ഓൺലൈൻ വഴി ഇടപാടുകാരെ കണ്ടെത്തി പെൺവാണിഭം നടത്തിവന്ന സംഘം പേരൂർക്കടയിൽ പൊലീസ് പിടിയിലായി. നടത്തിപ്പുകാരനായ വെള്ളനാട് സ്വദേശി രമേശ്കുമാർ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു. ഇടപാടിനെത്തിയ മാലി സ്വദേശി ഫുലു(60), തിരുവനന്തപുരം സ്വദേശിനിയായ 40കാരിയും കൊച്ചി മരട് സ്വദേശിനിയായ 30കാരിയും പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്.
കുടപ്പനക്കുന്ന് എ.കെ.ജി നഗറിലേക്ക് പോകുന്നവഴിയിലുള്ള ഒരു വീട് വാടകയ്ക്കെടുത്ത് രമേശ്കുമാറാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാത്രിയും പകലും നിരന്തരം മുന്തിയ ഇനം വാഹനങ്ങളിൽ സ്ത്രീകളും പുരുഷൻമാരും വന്നുപോകുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ദിവസങ്ങളായി വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകുന്നേരം ഇടപാടിന് ആളെത്തിയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് വീട് വളയുകയായിരുന്നു. പൊലീസിനെ കണ്ട് പന്തികേട് മണത്ത രമേശ് കുമാർ മതിൽചാടി ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച 40കാരിയെ വനിതാ പൊലീസ് ഓടിച്ചിട്ട് പിടിച്ചു.
രമേശ് കുമാറിനൊപ്പം നടത്തിപ്പിൽ ഇവരും പങ്കാളിയായിരുന്നുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. മാലി സ്വദേശി ഫുലുവിനെയും മരട് സ്വദേശിനിയെയും റൂമിനുള്ളിൽ നിന്നാണ് പിടിച്ചത്. ഓൺലൈൻ വഴിയാണ് താൻ ഇടപാടിനെത്തിയതെന്ന് മാലിക്കാരൻ പൊലീസിനോട് പറഞ്ഞു. താമസത്തിനെന്ന പേരിൽ രമേശ്കുമാറാണ് വീട് വാടകയ്ക്ക് എടുത്തതെന്ന് വീട്ടുടമ വെളിപ്പെടുത്തി. രമേശ്കുമാറിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൈബർ പൊലീസ് സഹായത്തോടെ സൈറ്റിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പിടിയിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.