കല്ലമ്പലം: ഇക്കഴിഞ്ഞ സാഫ് വോളി ഗെയിംസിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞ ഇന്ത്യൻ വോളിബോൾ ദേശീയ ടീമംഗം അഖിൻ ജാസിന് ജന്മനാട് സ്വീകരണം നൽകി. മൂതല ഗ്രാമോദ്ധാരണ വായനശാലയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു. അനുമോദനയോഗം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എസ്.എസ് ബിജു മൂതല അദ്ധ്യക്ഷനായി. വായനശാല സെക്രട്ടറി എ.സുരേഷ് സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി. ബാബു നന്ദിയും പറഞ്ഞു. സംസ്ഥാന കലോത്സവ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം മദ്ദളത്തിന് ഒന്നാം സ്ഥാനം നേടിയ പകൽക്കുറി ഗവ.എച്ച്. എസ്.എസ് വിദ്യാർത്ഥി അഭിഷേക് എം.നായരുടെ ടീമിനെയും, ഹയർസെക്കൻഡറി വിഭാഗം മദ്ദളം മത്സരത്തിൽ പങ്കെടുത്ത് കൂടുതൽ പോയിന്റ് നേടിയ ശബരിയുടെ ടീമിനെയും, കൂടിയാട്ടത്തിന് ഒന്നാം സ്ഥാനം നേടിയ സ്നേഹ മോഹനേയും, ജില്ല- സബ് ജില്ലാതല മത്സരങ്ങളിൽ വിവിധയിനങ്ങങ്ങളിൽ പങ്കെടുത്ത പ്രദേശത്തെ കുട്ടികളെയും, മൂതല ഗവ.എൽ.പി.സ്കൂളിലെ പ്രതിഭകളെയും അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ. റഹിം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബുത്താലീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്പലത, എസ്. മിനി, സി.പി.എം ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നിസാം, ബി.ജെ.പി മണ്ഡലം സെക്രട്ടറി വിശ്വനാഥൻ , പള്ളിക്കൽ നസീർ തുടങ്ങിയവർ സംസാരിച്ചു.