കല്ലമ്പലം: ജില്ലയിലെ വലിയ പഞ്ചായത്തും 2000ത്തിലധികം ക്ഷീരകർഷകർ ആശ്രയിക്കുന്നതുമായ നാവായിക്കുളം മൃഗാശുപത്രിയെ പോളിക്ലിനിക്കായി ഉയർത്തണമെന്ന നാട്ടുകാരുടെ മുറവിളിക്ക് പുല്ലുവില. പോളി ക്ലിനിക്കാകുന്നതോടെ ഒന്നിലധികം ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം ലഭ്യമാകും. കൂടാതെ ലാബ് സൗകര്യവും ലഭിക്കും. ഇപ്പോൾ എല്ലാത്തരം ടെസ്റ്റുകൾക്കും ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ടതിനാൽ ചികിത്സയ്ക്ക് കാലതാമസം നേരിടുന്നുണ്ട്. പള്ളിക്കൽ, മടവൂർ പഞ്ചായത്ത് പരിധിയിലുള്ളവരും വളർത്തുമൃഗങ്ങളുടെ ചികിത്സയ്ക്കായി ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. മതിയായ കെട്ടിടമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. ഇതു സംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വിജനമായ സ്ഥലമായതിനാൽ ഇവിടെ പകലും സാമൂഹിക വിരുദ്ധരുടെ ശല്യമുള്ളതായി പരാതിയുണ്ട്. വനിതാ ജീവനക്കാർ മാത്രമുള്ളപ്പോൾ പേടിയോടെ ജോലി ചെയ്യേണ്ട അവസ്ഥയാണ്. പ്രദേശത്തെ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായി. രാത്രിയിൽ മതിൽ ചാടിക്കടന്നെത്തുന്ന സാമൂഹ്യ വിരുദ്ധർ ആശുപത്രിയുടെ വരാന്തയിലും മറ്റും മദ്യപാനം നടത്തുന്നതായും, മദ്യക്കുപ്പികൾ വലിച്ചെറിയുന്നതായും ആരോപണമുണ്ട്. തെരുവു വിളക്കുകൾ സ്ഥാപിച്ചാലും മദ്യപൻമാർ ഇവ എറിഞ്ഞുടയ്ക്കാറാണ് പതിവ്. ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിന് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളെങ്കിലും വികസിപ്പിക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.