vm-sudheeran

തിരുവനന്തപുരം: സത്യം കണ്ടെത്തുകയും അത് തുറന്നു പറയുകയും ചെയ്യുന്നവരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ വച്ചുപൊറുപ്പിക്കില്ലെന്ന പിണറായി സർക്കാരിന്റെയും സർക്കാരിനെ നയിക്കുന്ന സി.പി.എമ്മിന്റെയും ജനവിരുദ്ധ നിലപാട് കൃത്യമായി വ്യക്തമാക്കുന്നതാണ് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ദീപക്കിനെ തെറിപ്പിച്ച നടപടിയെന്ന് വി.എം. സുധീരൻ പ്രസ്താവിച്ചു.

വിശപ്പടക്കാൻ കുഞ്ഞുങ്ങൾ മണ്ണുതിന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാദ്ധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും കുട്ടികളുടെ അമ്മ ഉൾപ്പെടെയുള്ളവരിൽനിന്നും നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങൾ ജനമദ്ധ്യത്തിൽ എത്തിച്ചതിന് പുത്തൻ വ്യാഖ്യാനങ്ങൾ നൽകി വെള്ളപൂശാനുള്ള സർക്കാരിന്റെയും സി.പി.എം നേതൃത്വത്തിന്റെയും വിഫലശ്രമം പരിഹാസ്യമാണ്. സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കാനേ ഇതെല്ലാം ഇടവരുത്തൂ. സർക്കാരിന്റെയും സി.പി.എം നേതൃത്വത്തിന്റെയും പ്രീതിക്കായി വഴിവിട്ട് എന്തും ചെയ്യാൻ മടിക്കാത്തവർക്ക് അതിനുള്ള പാരിതോഷികം ഉടനടി നൽകുമെന്ന സന്ദേശമാണ് ബാലാവകാശ കമ്മിഷൻ ചെയർമാന് ചീഫ് സെക്രട്ടറി പദവി കൈയോടെ നൽകിയതിലൂടെ പ്രകടമായതെന്നും സുധീരൻ കുറ്റപ്പെടുത്തി.