kt-jaleel

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ പ്രതിസ്ഥാനത്ത് നിറുത്തി വിചാരണ നടത്തുകയാണ് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുൺബാബു. ജലീൽ വകുപ്പ് മന്ത്രിയായതിനുശേഷം ഉന്നതവിദ്യാഭ്യാസ മേഖല കുളം തോണ്ടിയെന്ന് തുറന്നടിക്കുന്ന ഈ യുവനേതാവ് എസ്.എഫ്.എെയേയും കീറിമുറിക്കുകയാണ്. തെറ്റുകളെ ഒന്നൊന്നായി നിരത്തി പോസ്റ്റ്മോർട്ടം നടത്തുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിൻെറ വിദ്യാർത്ഥി സംഘടനാ നേതാവ് ഫ്ളാഷിനോട് മനസ് തുറന്നപ്പോൾ.

#സർക്കാരിന് കളങ്കമായി

സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾക്ക് തന്നെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ കളങ്കമായി മാറി. സ്വതന്ത്രമായ സർവകലാശാലകളുടെമേൽ മന്ത്രി നടത്തുന്ന ഇടപെടലുകൾ അംഗീകരിക്കാനാകില്ല. മന്ത്രി നേരിട്ടാണ് അദാലത്തുകളിൽ പങ്കെടുത്തത്. ചില ഫയലുകൾ അദ്ദേഹം ഓഫീസിലേക്ക് വിളിച്ചുവരുത്തി. അദ്ദേഹത്തിന് പോകാൻ പറ്റാത്ത സ്ഥലങ്ങളിൽ പ്രൈവറ്റ് സെക്രട്ടറിയെ അയച്ചു. ഇത് സർവകലാശാലകളുടെ സ്വയംഭരണാധികാരത്തെ കവർന്നെടുക്കുന്ന നടപടിയാണ്. സർവകലാശാല തലത്തിൽ എ.ഐ.എസ്.എഫ് പ്രതിഷേധിക്കുക തന്നെ ചെയ്യും. മന്ത്രിക്കും വകുപ്പിനും വിഷയത്തിൽ വീഴ്ച പറ്റിയിട്ടുണ്ട്.

#വിദേശത്തേക്ക് ഉല്ലാസയാത്ര

കോടിക്കണക്കിന് രൂപ മുടക്കി കോളേജ് യൂണിയൻ ചെയർമാൻമാരെ വിദേശത്തേക്ക് കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല. ജെ.എൻ.യു ഉൾപ്പെടെ എത്രയോ മഹത്തായ സർവകലാശാലകൾ കേരളത്തിലുണ്ട്. അതിനുപകരം ഇവരെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് പിന്നിൽ വേറൊരു രാഷ്ട്രീയമുണ്ട്. കോളേജുകളിൽ യൂണിയൻ പ്രവർത്തനത്തിന് വളരെ കുറച്ച് കാലയളവാണ് ലഭിക്കുന്നത്. അതിനിടയിൽ ഇവരെ വിദേശത്തേക്ക് അയച്ചാൽ എന്താണ് പ്രയോജനം? ചെയർമാൻ പോയാൽ യൂണിയന്റെ പ്രവർത്തനം തന്നെ താളം തെറ്റും. പ്രളയം നേരിട്ട ഒരു സംസ്ഥാനം അതിനെ അതിജീവിച്ച് വരുന്നതിനിടെയുള്ള ഈ യാത്ര കൊണ്ട് എന്താണ് ലക്ഷ്യം. അതിന് ഉത്തരം നൽകാനോ സമർത്ഥിക്കാനോ സർക്കാരിന് കഴിയുന്നില്ല. ഇത് ടൂറിന് പോകുന്നതാണ്. അങ്ങനെ മാത്രമേ ഈ യാത്രയെ വ്യാഖ്യാനിക്കാൻ പറ്റൂ. കൈയും കെട്ടി നോക്കിയിരിക്കാൻ ഉദ്ദേശ്യമില്ല.

#കോളേജുകളിൽ എൽ.ഡി.എഫില്ല

കാമ്പസുകളിലെ ക്രിമിനൽവത്കരണത്തിനെതിരായ മൗനം ഇപ്പോഴും തുടരുകയാണ്. യൂണിവേഴ്സിറ്റി കോളേജിൽ പഴയ രൂപത്തിലുള്ള പ്രവർത്തനങ്ങൾ തന്നെയാണ് എസ്.എഫ്.ഐ ഇപ്പോഴും നടത്തുന്നത്. അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടും അതിൽ മാറ്റമൊന്നുമില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക കോളേജുകളിലും എസ്.എഫ്.ഐ ഏകസംഘടന വാദമാണ് ഉയർത്തുന്നത്. മറ്റ് വിദ്യാർത്ഥി സംഘടനകളെ പ്രവർത്തിക്കാൻ അവർ അനുവദിക്കില്ല. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ യോജിപ്പ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മനസിലാക്കിയാണ് രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും സെക്രട്ടറിമാർ യൂണിവേഴ്സിറ്റി വിഷയത്തിനുശേഷം ഒന്നിച്ചിരുന്ന് ചർച്ച നടത്തി പ്രശ്നങ്ങൾ അവസാനിപ്പിച്ചത്. എന്നാൽ അതൊന്നും പിന്നീട് നടന്നില്ലെന്നാണ് യാഥാർത്ഥ്യം. കേരളത്തിൽ എ.ഐ.എസ്.എഫിനെ പുറത്ത് നിറുത്തുന്ന എസ്.എഫ്.ഐ സംസ്ഥാനത്തിന് പുറത്ത് ഇങ്ങോട്ട് വന്നാണ് സഖ്യമുണ്ടാക്കുന്നത്.

#ഒരിക്കലും നടക്കാൻ പാടില്ലാത്തത്

വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ്. അത് ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാകണം. എന്നാൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മാത്രം കുറ്റമായി ആ വിഷയത്തെ കാണരുത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് പറയുന്നത് എല്ലാവരം കൂടി പങ്കാളിയായുള്ളതാണ്. സ്കൂൾ വികസനത്തിൽ അവിടത്തെ എം.എൽ.എ ചെയ്യേണ്ടത് ഒന്നും തെയ്തിരുന്നില്ല.